കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി
1454640
Friday, September 20, 2024 4:56 AM IST
പാണ്ടിക്കാട്: വയനാട് ദുരിതാശ്വാസത്തിന്റെ മറവിൽ സംസ്ഥാന സർക്കാർ വൻ അഴിമതി നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പാർട്ടി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നാല് റോഡും ചുറ്റി ടൗണിൽ സമാപിച്ചു.
ഇടത് സർക്കാരിനെതിരേയും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായം അനുവദിക്കാതിരുന്ന കേന്ദ്ര സർക്കാരിനെതിരേയും രൂക്ഷ വിമർശനമാണ് പ്രതിഷേധത്തിനിടെ ഉയർന്നത്. ഡിസിസി ജനറൽ സെക്രട്ടറി പി. ആർ. രോഹിൽ നാഥ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കാഞ്ഞിരക്കണ്ടൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗം വി. മജീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ. സഫീർ ജാൻ, പി. പവിത്രൻ, കെ.വി. ഇഖ്ബാൽ,നീലാമ്പ്ര വീരാൻ , പി.കെ. നാസർ, കെ.എം. കൊടശേരി, കിണറ്റിങ്ങൽ മുജീബ്, അനിൽ വളരാട്, സക്കീർ കാരായ തുടങ്ങിയവർ നേതൃത്വം നൽകി.