ഡോ. കെ.എസ്. അനൂപ് ദാസിന് അവാര്‍ഡ്
1454074
Wednesday, September 18, 2024 4:55 AM IST
നിലമ്പൂര്‍: ചുങ്കത്തറ സ്വദേശി സ്വിറ്റ്സര്‍ലന്‍ഡില്‍ വിസിറ്റിംഗ് സയന്റിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. മമ്പാട് എംഇഎസ് കോളജ് അധ്യാപകനായ ഡോ. കെ.എസ്. അനൂപ് ദാസാണ് പ്രശസ്തമായ സ്വിസ് ഇറാസ്മസ് മൊബിലിറ്റി പ്രോഗ്രാമിന് അര്‍ഹനായത്. ഈ ബഹുമതിയുടെ ഭാഗമായി ഡോ. അനൂപ് ദാസ് സ്വിറ്റ്സര്‍ലന്‍ഡിലെ രണ്ട് സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് സയന്റിസ്റ്റായി ചേരും.
ഡബ്ല്യുഎസ്എല്‍ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറസ്റ്റ്, സ്നോ, ലാന്‍ഡ്സ്കേപ്പ് റിസര്‍ച്ച്, യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ആര്‍ട്സ് ഓഫ് സതേണ്‍ സ്വിറ്റ്സര്‍ലന്‍ഡ് (എസ്യുപിഎസ്ഐ) എന്നിവയിലാണ് ഡോ. അനൂപ് ദാസ് ചേരുക. പാരിസ്ഥിതിക ഗവേഷണ മേഖലകളിലെ മികച്ച സംഭാവനകള്‍ക്കാണ് സ്വിസ് ഇറാസ്മസ് മൊബിലിറ്റി പ്രോഗ്രാമിലൂടെയുള്ള ഈ അംഗീകാരം ലഭിച്ചത്.
മരപ്പൊത്തുകളിലെ ജീവജാലങ്ങളെ കുറിച്ചുള്ള അഞ്ചു രാജ്യങ്ങള്‍ ചേര്‍ന്നുള്ള അന്തരാഷ്ട്ര ഗവേഷണ കൂട്ടായ്മയായ മള്ട്ടിബെഫ് (എംയുഎല്ടിഐബിഇഎഫ്) പ്രോജക്ടിന്റെ ഭാഗമായ ശാസ്ത്രജ്ഞന്മാരോടൊപ്പമായിരിക്കും അനൂപ്. മലയാളം സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറായ ഡോ. ധന്യയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നീഹാരിക, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നിയത എന്നിവരാണ് മക്കള്‍.