ക്രിമിനലുകളെ പിഴുതെറിയും വരെ പോരാട്ടം തുടരും: പി.കെ. കുഞ്ഞാലിക്കുട്ടി
1454071
Wednesday, September 18, 2024 4:50 AM IST
മലപ്പുറം: പോലീസ് ഗുണ്ടാമാഫിയ-ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ആര്‍എസ്എസ്- പോലീസ് ഗൂഢാലോചന പുറത്തുകൊണ്ടുവരിക, കുറ്റാരോപിതരെ സര്‍വീസില്‍ നിന്ന് നീക്കുക,
പരാതികള്‍ സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കല്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധം കനത്തതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
മാര്‍ച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പോലീസിലെ ക്രിമിനലുകളെ സര്‍വീസില്‍ നിന്നു പിഴുതെറിയും വരെ മുസ്ലിംലീഗ്് പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് പോലീസില്‍ നിന്നു കേള്‍ക്കുന്നത്. സംസ്ഥാനതലത്തില്‍ എഡിജിപിയും ജില്ലാതലത്തിലേക്ക് വന്നാല്‍ എസ്പിയും നടത്തിയ കുറ്റകൃത്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പോലീസില്‍ അരുതാത്തത് സംഭവിക്കുന്നുവെന്ന് മുസ്ലിംലീഗ് പലഘട്ടങ്ങളില്‍ ഉന്നയിച്ചതാണ്. വിഷയം മുഖ്യമന്ത്രിയെ ബോധിപ്പിക്കുകുയും ബന്ധപ്പെട്ട എസ്പിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.ഇപ്പോള്മുസ്ലിംലീഗ് ഉന്നയിച്ച ഓരോ വിഷയങ്ങളും സത്യമാണെന്ന് അടിവരയിടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഭരണകക്ഷി എംഎല്‍എ തന്നെ തെളിവ് സഹിതം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന സാഹചര്യമുണ്ടായി. ഇത് കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണമെല്ലാം ഇതിനുദാഹരണമാണ്. ആ ചെറുപ്പക്കാരനോട് പോലീസ് ചെയ്ത ക്രൂരതക്ക് പോലീസ് മറുപടി പറയേണ്ടിവരും. സ്വര്‍ണക്കടത്തിലും ലഹരി വില്‍പ്പനയിലും പോലീസിന്റെ ഇടപെടലാണ് മറ്റൊന്ന്. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം മോഷ്ടിക്കുന്ന വാര്‍ത്തകള്‍ നാണിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ക്ക് വെള്ളപൂശാന്‍ ജില്ലയില്‍ കേസുകള്‍ പെരുപ്പിച്ചും യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു. ഇത് ന്യായീകരിക്കാന്‍ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ പി. അബ്ദുള്‍ ഹമീദ്, കെ.പി.എ. മജീദ്, കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍, മഞ്ഞളാംകുഴി അലി, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുള്ള, കുറുക്കോളി മൊയ്തീന്, നജീബ് കാന്തപുരം, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള എന്നിവര്‍ പ്രസംഗിച്ചു.
ഇസ്മായില്‍ പി. മൂത്തേടം, പി.എസ്.എച്ച്. തങ്ങള്‍, കെ. കുഞ്ഞാപ്പുഹാജി, ഇബ്രാഹിം മൂതൂര്‍, വല്ലാഞ്ചിറ മുഹമ്മദലി, സലീം കുരുവമ്പലം, കെ.എം. ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി. അഷ്റഫ്, അഡ്വ. പി.പി. ഹാരിഫ്, ഉസ്മാന് താമരത്ത്, പി.എം.എ. സമീര്‍ എന്നിവര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്കി.