നിപ മരണം: വീടുകളിൽ സർവേ നടത്തി
1453879
Tuesday, September 17, 2024 7:04 AM IST
വണ്ടൂർ: വണ്ടൂർ നടുവത്തെ നിപ മരണത്തെ തുടർന്ന് 200 ഓളം വരുന്ന സംഘങ്ങളുടെ നേതൃത്വത്തിൽ 2060 വീടുകളിൽ സർവേ നടത്തി. വണ്ടൂർ, തിരുവാലി പഞ്ചായത്തുകളിൽ പനിബാധിതരെ കണ്ടെത്തുന്നതിനായി സർവേ ഇന്നും തുടരും. തിരുവാലി പഞ്ചായത്തിലെ നടുവത്ത് ശാന്തിഗ്രാമത്തിൽ നിപ ബാധിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് വീട് കയറിയുള്ള പരിശോധന ആദ്യദിനത്തിൽ പൂർത്തിയായി.
മരണം നടന്ന വാർഡ് ഉൾപ്പെടെ തിരുവാലി പഞ്ചായത്തിലെ തായംങ്ങോട്, പടകളിപറമ്പ്, നടുവത്ത്, എകെജി നഗർ, കണ്ടമംഗലം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന്, നാല് , അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് കാട്ടുമുണ്ട വണ്ടൂർ പഞ്ചായത്തിലെ 23ാം വാർഡ് കാപ്പിൽ എന്നിവിടങ്ങളിലാണ് വീടുകയറിയുള്ള സർവേ ആരംഭിച്ചത്.
കാളികാവ്, തിരുവാലി, എടവണ്ണ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്കിന് കീഴിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,എച്ച്എസ്, എച്ച്ഐ, ജെഎച്ച്ഐ, ജെപിഎച്ച്എൻ, പിഎച്ച്എൻ, എംഎൽഎച്ച്പി, ആർബിഎസ്കെ നഴ്സുമാർ, ആശ, അങ്കണവാടി വർക്കർമാർ എന്നിവരടങ്ങുന്ന 200 ഓളം വരുന്ന സംഘമാണ് 30 ടീമുകളായിപരിശോധന നടത്തുന്നത്.
ആദ്യംദിവസം 2060 വീടുകളിലെ സർവേ പൂർത്തിയാക്കിയതിന് ശേഷം തിരുവാലി-പൂളക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി, വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി , പൂളക്കൽ പിഎച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എ. പി മുനീർ, പഞ്ചായത്ത് അംഗങ്ങളായ നിഷാ സജേഷ്, കെ. പി. ഭാസ്കരൻ, സജീഷ് അല്ലേക്കാടൻ, പി. അമൃത, എച്ച്. എസ്. ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
വണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു
വണ്ടൂർ: നിപയുടെ പശ്ചാത്തലത്തിൽ വണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു. പ്രസിഡന്റ് വി. എം. സീന അധ്യക്ഷത വഹിച്ചു. തിരുവാലി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വണ്ടൂർ പഞ്ചായത്തിലെ 17, 18, 22, 23, 1 വാർഡുകളിലാണ് സർവേക്ക് തുടക്കം ആയിട്ടുള്ളത്. യോഗത്തിൽ വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദീഖ്, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
മലപ്പുറം: തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും. മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.