തിരുവോണം കുട്ടന് ദുരിത കിടക്കയില്‍ തന്നെ
1453518
Sunday, September 15, 2024 5:22 AM IST
നിലമ്പൂര്‍: കുട്ടന് ഇക്കുറിയും തിരുവോണം ദുരിത കിടക്കയില്‍. ചാലിയാര്‍ പഞ്ചായത്തിലെ പാറേക്കാട് ആദിവാസി നഗറിലെ കുട്ടന് എന്ന ചെറുപ്പക്കാരന് 2004 ല്‍ തെങ്ങില്‍ നിന്ന് വീണതോടെയാണ് കാലിന് ചലനശേഷി നഷ്ടമായി കിടപ്പിലായത്. ഇതോടെ സഹോദരി താമസിക്കുന്ന പണപ്പൊയില്‍ നഗറിലേക്ക് താമസവും മാറ്റി.
സഹോദരിയാണ് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതും വെള്ളം ഉള്‍പ്പെടെ എത്തിച്ച് നല്‍കുന്നതും. പൊളിഞ്ഞുവീഴാറായ വീടിനുള്ളിലാണ് 20 വര്‍ഷമായി കുട്ടന് താമസിക്കുന്നത്. വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും സങ്കേതികകാരണങ്ങള് നിരത്തി ഇതുവരെ അനുവദിച്ചിട്ടില്ല.
തനിക്ക് പുറം ലോകം കാണാന്‍ മുച്ചക്ര വാഹനം എന്ന സ്വപ്നത്തിനായി 2022 ലും 2024 ലും കളക്ടറെ കണ്ട് പരാതി നല്‍കുകയും കളക്ടര്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും മുച്ചക്ര വാഹനത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
മുച്ചക്ര വാഹനം ലഭിച്ചാല്‍ ലോട്ടറി ടിക്കറ്റുകള്‍ വിറ്റെങ്കിലും ജീവിക്കാമെന്നും പുറംലോകം കാണാമെന്നും കുട്ടന് പറയുമ്പോള്‍ ഇയാളുടെ നിസഹായവസ്ഥക്ക് പരിഹാരം കാണേണ്ട ബാധ്യത അധികൃതര്‍ക്ക് തന്നെയാണ്.
പഞ്ചായത്തും ഐടിഡിപിയും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കാത്തതാണ് വിഷയം. കാരുണ്യത്തിന്റെ വാതിലുകള്‍ തുറക്കാന്‍ അധികൃതര്‍ ഇനിയും തയാറാകാത്ത സാഹചര്യത്തില്‍ കാരുണ്യ മനസുള്ള ആരെങ്കിലും തനിക്കൊരു മുച്ചക്ര വാഹനം വാങ്ങി നല്‍കുമെന്ന പ്രതീക്ഷയിലാണ് കുട്ടന്.