സായി സ്നേഹതീരത്തിലെ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എയുടെ "സ്നേഹക്കോടി’
1453497
Sunday, September 15, 2024 5:18 AM IST
പെരിന്തല്‍മണ്ണ: മോന് ഏത് നിറമാണ് ഇഷ്ടം, "പച്ച’. ഉണ്ണികൃഷ്ണന്റെ മറുപടി കേട്ട് എംഎല്‍എ ചിരിച്ചു. കൂടെയുള്ളവരും. നജീബ് കാന്തപുരം എംഎല്‍എക്കും ഇഷ്ടപ്പെട്ട നിറം പച്ച തന്നെയാണെന്ന് കെ.ആര്.രവിയുടെ പ്രതികരണം. ഇതും എല്ലാവരിലും ചിരിപടര്‍ത്തി.
ആദിവാസി വിഭാഗങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന പെരിന്തല്‍മണ്ണയിലെ സായി സ്നേഹ തീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഓണക്കോടി വാങ്ങിക്കൊടുക്കുന്നതിന് പെരിന്തല്‍മണ്ണയിലെ വസ്ത്രക്കടയിലെത്തിയ വിദ്യാര്‍ഥിയായ ഉണ്ണികൃഷ്ണനോടാണ് നജീബ് കാന്തപുരം ഇങ്ങനെ ചോദിച്ചത്.
സായി സ്നേഹ തീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഏറെ സന്തോഷത്തോടെയാണ് ഇത്തവണ ഓണക്കോടി എടുക്കാനെത്തിയത്. ഹോസ്റ്റലിലെ എല്ലാവരും ഒരുമിച്ച് ഷോപ്പിംഗിനിറങ്ങുന്നത് ഇതാദ്യമായാണ്.
ഒരുമിച്ചുള്ള ഷോപ്പിംഗും അതോടൊപ്പം എംഎല്‍എയും ഷോപ്പിംഗിന് കൂടെ വന്നതുമാണ് കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്നത്.ഓരോരുത്തരും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു.
ഹോസ്റ്റലിലെ 58 വിദ്യാര്‍ഥികള്‍ക്കും എംഎല്‍എയുടെ വക ഓണക്കോടി ലഭിച്ചു. പെരിന്തല്‍മണ്ണ ഫാമിലി വെഡിംഗ് സെന്ററിലെ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇവരെ ഹൃദ്യമായി സ്വീകരിച്ചു.
മാത്രമല്ല, എല്ലാ കുട്ടികള്‍ക്കും ചായയും സ്നാക്സും നല്‍കിയാണ് ഷോപ്പ് ജീവനക്കാര്‍ യാത്രയാക്കിയത്. സായി സ്നേഹ തീരം ഭാരവാഹി കെ.ആര്. രവി, പൊതുപ്രവര്ത്തകന് കുറ്റീരി മാനുപ്പ എന്നിവരും കൂടെയുണ്ടായിരുന്നു.