ഒലിങ്കര ഫ്ളാറ്റിലെ സെപ്റ്റിക് ടാങ്ക് പ്രശ്നം പരിഹരിക്കാന്‍ നാല് കോടിയുടെ പദ്ധതി
1453491
Sunday, September 15, 2024 5:18 AM IST
പെരിന്തല്‍മണ്ണ: നഗരസഭ പതിനാറാം വാര്‍ഡ് ഒലിങ്കര ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്ക് പ്രശ്നം പരിഹരിക്കാന്‍ നാല് കോടി രൂപയുടെ പദ്ധതിക്ക് ശുചിത്വ മിഷന്റെ അനുമതി കാത്തിരിക്കുകയാണെന്ന് ചെയര്മാന് പി. ഷാജി നഗരസഭായോഗത്തില്‍ അറിയിച്ചു.
ഒലിങ്കരയിലെ വിവിധ ഫ്ളാറ്റുകളിലെ വ്യത്യസ്ഥ സെപ്റ്റിക് ടാങ്കുകള്‍ കൂട്ടിയിണക്കി മലിനജല സംസ്കരണ യൂണിറ്റ് (എസ്ടിപി) സ്ഥാപിക്കുന്ന പദ്ധതിയാണ് ശുചിത്വ മിഷന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചത്.
നിലവില്‍ ഫ്ളാറ്റുകളിലെ സെപ്റ്റിക് ടാങ്കുകള്‍ ഇടക്കിടെ നിറയുന്നത് ആരോഗ്യപാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ടാങ്കുകള്‍ നിറഞ്ഞൊഴുകുന്നതിന് പരിഹാരം കാണാന്‍ ചുറ്റുമതില്‍ നിര്‍മിക്കാനും ടാങ്കുകളില്‍ പിവിസി പൈപ്പുകള്‍ സ്ഥാപിക്കാനും നടപടിയായി. ഇതിനായി 6.2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
നഗരസഭയിലെ കക്കൂത്ത് താമസിക്കുന്ന അംഗപരിമിതനും ഹീമോഫീലിയ രോഗബാധിതനുമായ കെ. ജുനൈദിന് ഡിടിപി ആന്‍ഡ് ഫോട്ടോസ്റ്റാറ്റ് സെന്റര്‍ അനുയോജ്യമായ സ്ഥലത്ത് സൗജന്യമായി അനുവദിക്കാന്‍ തീരുമാനിച്ചു.
50 ശതമാനത്തിലധികം അംഗവൈകല്യമുള്ളതും ഹീമോഫീലിയ രോഗമുള്ളവരുമായ ജുനൈദിന് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ വരുമാനമാര്‍ഗങ്ങള്‍ ഇല്ലെന്നും മരുന്നിനും ചികിത്സക്കും പ്രതിമാസം ഒരു ലക്ഷം രൂപ ചെലവ് വരുന്നുണ്ടെന്നും അതിന് ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ജുനൈദ് മലപ്പുറത്ത് നടന്ന തദ്ദേശവകുപ്പ് മന്ത്രിയുടെ അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
നഗരസഭയിലെ വാര്‍ഷിക പദ്ധതിയില്‍ 2500000 രൂപ വകയിരുത്തിയ എസ്സി വിവാഹ ധനസഹായം ആദ്യഘട്ടത്തില്‍ 10 കുടുംബങ്ങള്‍ക്ക് നല്‍കും. 125000 രൂപ വീതം 10 കുടുംബങ്ങള്‍ക്കായി 12,50,000 രൂപയാണ് ധനസഹായമായി ലഭ്യമാവുക.
യോഗത്തില്‍ ചെയര്മാന് പി. ഷാജി അധ്യക്ഷത വഹിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ നഗരസഭ കൗണ്‍സില്‍ യോഗം അനുശോചിച്ചു.