സഞ്ചാരികളെ വശീകരിച്ചും അതിശയിപ്പിച്ചും കക്കാടംപൊയിലിലെ ഫോഗി മൗണ്ടന്‍ പാര്‍ക്ക്
1453464
Sunday, September 15, 2024 4:34 AM IST
കക്കാടംപൊയില്‍: പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളില്‍ സ്ഥിതിചെയ്യുന്ന കക്കാടംപൊയിലിലെ സാഹസിക ടൂറിസത്തിന് നവ്യാനുഭവം സമ്മാനിക്കുകയാണ് ഫോഗി മൗണ്ടന്‍ പാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ അഡ്വഞ്ചര്‍ പാര്‍ക്കും ഫോഗി മൗണ്ടന്പാര്ക്കുമാണിത്. മൂന്നുവശവും പച്ച പുതച്ച മലമടക്കുകളുടെ കാഴ്ചകളും കുളിര് കാറ്റും കോടമഞ്ഞും വിനോദ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ് ഇവിടെ.
മുപ്പതിലേറെ വ്യത്യസ്ത റൈഡുകളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രായഭേദമന്യേ എല്ലാവര്ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന വ്യത്യസ്ത റൈഡുകള്‍ പ്രത്യേകതയാണ്. ഒരു മലയില്‍നിന്നു മറ്റൊരു മലയിലേക്ക് പറന്നിറങ്ങുന്ന അനുഭൂതിയാണ് ഇവിടുത്തെ സിപ് ലൈന്‍ പങ്കുവയ്ക്കുന്നത്.
സാഹസിക സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു സാഹസിക റൈഡ് ആണ് ജയന്റ് സ്വിങ്. കുട്ടികള്‍ക്ക് കളിച്ചു നടക്കാന്‍ പ്രത്യേക കളിയിടവും പാര്‍ക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ തന്നെ കുളം ഉള്ളതിനാല്‍ കയാക്കിംഗ്, ജോര്ബിംഗ് ബോള്‍, വാട്ടര്‍ സൈക്കിള്‍ എന്നിവ ഇതില്‍ ആസ്വദിക്കാം. തിരമാല ഉയരുന്ന പൂളും മഴ നൃത്തവുമെല്ലാം ഒരു കുടുംബത്തിന് ഉത്സവച്ഛായ നല്കുന്നു.
വിദേശ രാജ്യങ്ങളില്‍ കൂടുതലായി കണ്ടു വരുന്ന റോപ്പ് വേയുടെ ഒരു മിനി മോഡലായ റോപ് റൈഡറും ഫോഗി മൗണ്ടനില്‍ സാഹസിക സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന ടെന്റുകളും ആഡംബര സഞ്ചാരികള്‍ക്കുള്ള ഡോമ് ടൈപ്പ് റിസോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്ത രുചി വിഭവങ്ങളുടെ ഭക്ഷണശാലയും പാര്‍ക്കിനുള്ളില്‍ തന്നെ ഉണ്ട്. പ്രത്യേക അവധി ദിവസങ്ങളിലെ വ്യത്യസ്ത പരിപാടികള്‍ പാര്‍ക്കിന്റെ ആകര്‍ഷണമാണ്.