മഞ്ചേരി മെഡിക്കല്‍ കോളജിന് ഭൂമി ഏറ്റെടുക്കല്‍: ഉത്തരവ് റദ്ദാക്കി
1453266
Saturday, September 14, 2024 5:09 AM IST
മഞ്ചേരി: ഗവണ്മെന്റ് മെഡിക്കല്‍ കോളജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മെഡിക്കല്‍ കോളജിന് കെഎസ്ഇബിയുടെ സബ് സ്റ്റേഷന് സ്ഥാപിക്കാനായി ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപമുള്ള 2.8107 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യണമെന്ന ഉത്തരവാണ് ജസ്റ്റിസ് കൗസര്‍ എടപ്പകം റദ്ദാക്കിയത്.
ഭൂവുടമകളായ മഞ്ചേരി കോവിലകത്തെ കെ.സി. നന്ദിനി തമ്പാട്ടി, കോവിലകംകുണ്ട് പുതുശേരി സാസിബ്, മുട്ടിപ്പാലം ആലുങ്ങല്‍ അബ്ദുള്‍ മുനീര്‍ എന്നിവര്‍ ഗവണ്മെന്റ് ചീഫ് സെക്രട്ടറി, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി റവന്യു സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍, സ്പെഷല്‍ എല്‍എ തഹസില്‍ദാര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി വികസന സമിതി എന്നിവരെ എതിര്‍കക്ഷികളായി ചേര്‍ത്ത് നല്കിയ ഹര്‍ജിയിലാണ് വിധി.
കഴിഞ്ഞ ആഗസ്റ്റ് 23ന് ഹൈക്കോടതി സ്ഥലമേറ്റെടുക്കല്‍ നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായി കണ്ണൂര്‍ ഇരിട്ടി ഡോണ്‍ ബോസ്കോ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹികാഘാത റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ഭൂവുടമകള്‍ വാദിച്ചു.
വിദഗ്ധ സമിതി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ ഭൂമി ഏറ്റെടുക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രദേശത്ത് വെള്ളം കെട്ടിനില്ക്കാന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വയല്‍ നികത്തി കെട്ടിടം നിര്‍മിച്ചാല്‍ വെള്ളം കയറുമെന്നും ഏഴ് വീടുകള്‍ വെള്ളം കയറി പൂര്‍ണമായും വാസയോഗ്യം അല്ലാതെയാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഭൂമി ഏറ്റെടുത്താല്‍ മെഡിക്കല്‍ കോളജ് വികസനം ഇവിടെ മാത്രമായി ചുരുങ്ങുമെന്നും വിശാലമായ സ്ഥലം കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റണമെന്നും ഹർജിക്കാര്‍ വാദിച്ചു.
കോളജ് വികസനത്തിന് വേട്ടേക്കോട് 50 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതില്‍ 25 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്നും ഇവര്‍ അറിയിച്ചിരുന്നു. നിലവിലെ മെഡിക്കല്‍ കോളജില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഈ സ്ഥലം സര്‍ക്കാര്‍ പരിഗണിച്ചില്ല.
ആവശ്യമെങ്കില്‍ ഈ സ്ഥലത്തിന്റെ വിദഗ്ധ സാമൂഹികാഘാത പഠനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ 13.5 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് പ്രതിസന്ധിയിലായാല്‍ ആശുപത്രിയുടെ അംഗീകാരത്തെയും ബാധിക്കും. ഹർജിക്കാര്‍ക്ക് വേണ്ടി അഡ്വ. ബാബു. എസ്. നായര്‍ ഹാജരായി.