മഹല്ല് കമ്മിറ്റിയുടെ ഇപെടലില്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി
1453263
Saturday, September 14, 2024 5:09 AM IST
പാതായ്ക്കര: നൂറിലധികം കുടുംബങ്ങള്‍ക്ക് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്ഫോര്‍മര്‍ കപ്പാസിറ്റി ഉയര്‍ത്താന്‍ 1,12,000 രൂപ അടച്ച് മഹല്ല് കമ്മിറ്റി മാതൃകയായി. പാതായ്ക്കര ജുമാ മസ്ജിദിന് സമീപത്തെ 115 ലധികം ഉപഭോക്താക്കളുള്ള ട്രാന്‍സ്ഫോർമറില്‍ വോള്‍ട്ടേജ് പ്രതിസന്ധി രൂക്ഷമായിരുന്നു.
ഇതു പരിഹരിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ 4,12000 രൂപയായി വര്‍ധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പാതായ്ക്കര ജുമാമസ്ജിദ് കമ്മിറ്റി ധനസഹായം നൽകുകയായിരുന്നു. നജീബ് കാന്തപുരം എംഎല്‍എ ട്രാന്‍സ്ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തു.
മസ്ജിദ് കമ്മിറ്റിയുടെ സേവനത്തെ മാതൃകയാക്കേണ്ടതാണെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. 15-ാം വാര്‍ഡ് കൗണ്‍സിലര്‍ പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഇലക്ട്രിസിറ്റി ഓഫീസര്‍ മുഹമ്മദ് റഫീഖ്, എ. ഇ. സിദീഖ്, മഹല്ല് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഖത്തീബ് നിസാര്‍ ഫൈസി, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.