ഓണവിപണി ഉണര്‍ന്നു; നഗരങ്ങളില്‍ തിരക്കേറുന്നു
1452712
Thursday, September 12, 2024 4:57 AM IST
കരുവാരകുണ്ട്: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഓണം വിപണി പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ഓണവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം. തിരുവോണം അടുത്തെത്തിയതോടെ ഒട്ടുമിക്ക കുടുംബങ്ങളും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.
സ്വകാര്യ,പൊതുമാര്‍ക്കറ്റുകളിലും ആള്‍തിരക്ക് അനുഭവപ്പെടുന്നു. സഹകരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ നടത്തുന്ന ഓണം വിപണികളില്‍ മട്ട, ബോധന, കുറുവ തുടങ്ങിയ മുന്തിയ ഇനം അരികള്‍ക്ക് കിലോ 30 രൂപ നിരക്കാണ് ഈടാക്കുന്നത്. വെളിച്ചെണ്ണ ലിറ്ററിന് 110 രൂപയും ഉണക്ക മുളക്, മല്ലി എന്നിവക്കും 30 ശതമാനം വിലക്കുറവുണ്ട്. ഉഴുന്നുപരിപ്പ്, ചെറുപയര്‍, വന്‍പയര്‍ എന്നിവയും താങ്ങാവുന്ന വിലക്കാണ് വില്‍പ്പന. സപ്ലൈകോയുടെ മാവേലി സ്റ്റോര്‍ വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു.
കൃഷിഭവനുകള്‍ക്കു കീഴില്‍ നടത്തിവരുന്ന നാടന്‍ പച്ചക്കറികളും കുറഞ്ഞ വിലക്കാണ് വില്‍ക്കുന്നത്. നാടന്‍ വെള്ളരിക്ക കിലോ 20, മുരിങ്ങക്ക 35, കറിനാരങ്ങ ഒരു കിലോ 35, ചേനകിലോ 55, നേന്ത്രക്ക 38, നേന്ത്രപ്പഴം 40, തക്കാളി 20 എന്നിങ്ങനെയാണ് വില. എന്നാല്‍ വലിയ ഉള്ളി, ചെറിയ ഉള്ളി എന്നിവക്ക് പൊതുമാര്ക്കറ്റുകളെ അപേക്ഷിച്ച് കാര്യമായ വില മാറ്റമില്ല. കുടുംബശ്രീയുടെ കീഴില്‍ നടത്തുന്ന ഓണം വിപണനമേളകളിലും ജനസാന്നിധ്യം വര്‍ധിച്ചു വരുന്നു.
കുടുംബശ്രീയുടെ അച്ചാറുകള്‍, നാടന്‍ പലഹാരങ്ങള്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, ഏലക്ക, സാമ്പാര്‍ കൂട്ടുകള്‍ തുടങ്ങിയവക്ക് ആവശ്യക്കാരുണ്ട്.
അതേസമയം, പൊതുമാര്‍ക്കറ്റില്‍ ചിലയിടങ്ങളില്‍ പച്ചക്കറികളും മറ്റും ഓണവിപണിയെ അപേക്ഷിച്ച് കുറഞ്ഞ വിലക്ക് വില്പന നടത്തി ജനങ്ങളെ ആകര്‍ഷിപ്പിക്കാനുള്ള കച്ചവട തന്ത്രങ്ങളും പരീക്ഷിക്കുന്നുണ്ട്. ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് വിവിധതരത്തിലുള്ള ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
വസ്ത്രശാലകളാണ് ആഘോഷത്തെ വരവേല്‍ക്കാനുള്ള തന്ത്രങ്ങളില്‍ മുന്നില്‍. ഇലക്ട്രോണിക്, മൊബൈല്‍ ഷോപ്പുകള്‍ വാഹന വില്‍പ്പന കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെല്ലാം ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുകയാണ്. അതിനിടെ കാലം തെറ്റി പെയ്യുന്ന മഴ വ്യാപാര കേന്ദ്രങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.