പോത്തുകല്ലിലെ ഗോത്ര വിഭാഗം കുട്ടികള്‍ക്കായി "സേവാസ്’ പദ്ധതി
1452711
Thursday, September 12, 2024 4:57 AM IST
എടക്കര: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സേവാസ് (സെല്‍ഫ് എമേര്‍ജിംഗ് വില്ലേജ് ത്രൂ അഡ് വാന്‍സ്ഡ് സപ്പോര്‍ട്ട്) പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു.
മലപ്പുറം ജില്ലയില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പാര്ശ്വവല്കൃത മേഖലയിലെ പഞ്ചായത്തുകളെ ഏറ്റെടുത്ത് സാമൂഹിക,സാംസ്കാരിക,സാമ്പത്തിക വികാസം സാധ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പാക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി അവരെ മുന്നോട്ടു നയിക്കുക, വിദ്യാഭ്യാസം,
സാംസ്കാരികാവബോധം, തൊഴില്‍ നൈപുണ്യം എന്നിവയില്‍ മികവ് നേടാന്‍ സഹായിക്കുക, വിവിധതരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണ്യവും നേടത്തക്കവിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇതിനായി അഞ്ച് വര്‍ഷത്തെ നിരന്തരവും സമഗ്രവുമായ പ്രവര്‍ത്തനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ട്രൈബല്‍ വകുപ്പ്, എക്സൈസ് വകുപ്പ്, കേരള മഹിളാസമഖ്യ സൊസൈറ്റി, വനം വകുപ്പ് തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.
ജില്ലയില്‍ ഗോത്ര വിഭാഗം കൂടുതല്‍ അധിവസിക്കുന്ന പ്രദേശമായതിനാലാണ് പോത്തുകല്ലിനെ പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തത്. 18 ഉന്നതികളിലായി 375 ഗോത്ര വിഭാഗം കുട്ടികളാണ് പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുള്ളത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഇവിടെ കര്‍മസമിതി രൂപീകരണം, ഗൃഹസര്‍വേ, കുട്ടികള്‍ക്കായുള്ള ഗണിത ശില്പശാല, മഞ്ഞപ്പിത്ത ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
യോഗത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം. മനോജ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.