തദ്ദേശ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയെ ഏറ്റെടുക്കണം: ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി
1452710
Thursday, September 12, 2024 4:57 AM IST
കൂട്ടിലങ്ങാടി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്തിയാല്‍ മാത്രമേ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ആരോഗ്യമേഖലയിലെയും ഭക്ഷ്യസുരക്ഷാ മേഖലയിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയുകയുള്ളൂ വെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങളും ഉത്പാദന ഉപാധികളും നല്‍കുന്നതിനായി കാര്‍ഷിക വികസന കര്മക്ഷേമ വകുപ്പിന്റെയും മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ മെരുവിന്കുന്നില് മങ്കട ബ്ലോക്ക് പഞ്ചായത്ത് കൃഷിശ്രീ സെന്റര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തിന്റെയും മെഷിനറി ഷെഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം അധ്യക്ഷതവഹിച്ചു. കൃഷിശ്രീ സെന്ററിന് അനുവദിച്ച മെഷിനറികള്‍ പരിശീലനം ലഭിച്ച 25 സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് മഞ്ഞളാംകുഴി അലി എംഎല്‍എ കൈമാറി.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുള്‍മജീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, ജില്ലാ പഞ്ചായത്ത് മെംബര്‍ ടി.പി. ഹാരിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അസ്കര്‍അലി മങ്കട, സുഹറാബി കാവുങ്ങല്‍ മക്കരപ്പറമ്പ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജാഫര്‍ വെള്ളക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൃഷിശ്രീ സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എല്‍. ഷീന, കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന് എന്നിവരെ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ആദരിച്ചു.