ആയിരംകോടിയുടെ ഊദ് മരം മലേഷ്യയിലേക്ക്
1452442
Wednesday, September 11, 2024 4:36 AM IST
ഊദ്: സ്വര്‍ണത്തേക്കാള്‍ വിലയുള്ള സുഗന്ധമരം
ഉമ്മച്ചന് തെങ്ങുംമൂട്ടില്‍
കാളികാവ് (മലപ്പുറം): ആയിരംകോടിയുടെ ഊദ് എന്ന സുഗന്ധമരം കേരളത്തില്‍നിന്ന് മലേഷ്യയിലേക്ക് ’പറക്കുന്നു’. മൂവായിരത്തി അറുനൂറില്പരം ഊദ് മരങ്ങള്‍ മുറിച്ച് മലേഷ്യയിലേക്ക് നിയമാനുസൃതമായി കൊണ്ടുപോകുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും ഇതിനായി മലേഷ്യന്‍ ടീം മുന്‍കൂറായി റിസര്‍വ് ബാങ്കില്‍ 936 കോടി രൂപ കെട്ടിവച്ചിട്ടുണ്ടെന്നുമാണ് നമ്മുടെ നാട്ടിലെ ആദ്യ ഊദ് കര്‍ഷകനായ മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കാളികാവിനടുത്ത അരിമണലിലെ ഏബ്രഹാം പള്ളിവാതുക്കല്‍ പറയുന്നത്.
വേള്‍ഡ് മാര്‍ക്കറ്റില്‍ സഹസ്രകോടികള്‍ വിലയുള്ള ഊദ് മരത്തടികള്‍ ആദ്യം കപ്പലിലാണ് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങളാല്‍ നടപടിക്രമങ്ങള്‍ വൈകിയതോടെ കപ്പല്‍മാര്‍ഗമുള്ള കയറ്റുമതി ഉപേക്ഷിച്ച് മലേഷ്യന്‍ ബിസിനസ് ടീം റിസര്‍വ് ബാങ്കില്‍ തുക മുന്‍കൂറായി കെട്ടിവച്ചാണ് ഊദ്മരങ്ങള് വ്യോമമാര്‍ഗം കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നതത്രെ. മഴ മാറുന്നതോടെ കര്‍ഷകര്‍ക്ക് തുക കൈമാറി രജിസ്റ്റര്‍ ചെയ്ത മരങ്ങള്‍ മുറിച്ച് കാതല്‍ ശേഖരിച്ച് പായ്ക്ക് ചെയ്യുന്ന പ്രവൃത്തികളാരംഭിക്കും.
ഊദ് മരകഷ്ണങ്ങള്ക്ക് കിലോക്ക് ഒരു ലക്ഷം മുതല്‍ പത്തുപതിനാലുലക്ഷം രൂപ വരെ വിലയുണ്ട്. സ്പെയിനില്‍ എത്തിയാല്‍ ഇതിന് 30 ലക്ഷം രൂപവരെ വില ലഭിക്കുമെന്നാണത്രെ അറിവ്. ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വിലകൂടിയ എണ്ണ.
ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ ചുരുക്കം രാജ്യങ്ങളിലാണ് ഊദിന്റെ ഉത്പാദനമുള്ളത്. ഇന്ത്യയില്‍ ആസാമില്‍ നിന്നുള്ളതാണ് മികച്ച ഊദ്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഊദാണ് അറബികള്‍ക്ക് ഏറ്റവും പ്രിയങ്കരം.
ഊദിന്റെ സുഗന്ധദ്രവ്യത്തിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് അറേബ്യന്‍ നാടുകളിലാണെങ്കിലും ഉത്തേജക, ലഹരി വസ്തുക്കള്‍, പെര്‍ഫ്യൂംസ്, കോസ്മെറ്റിക്സ്, മെഡിസിന് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്കായി മലേഷ്യവഴി സ്പെയ്നിലേക്കാണ് ഊദ് കൂടുതലായും കയറ്റുമതി ചെയ്യുന്നതെന്നാണ് ഊദിനെക്കുറിച്ച് ആഴത്തില്‍ പഠനങ്ങള്‍ നടത്തിയ ഏബ്രഹാം പള്ളിവാതുക്കല്‍ പറയുന്നത്.
ഇന്ന് ഊദിന്റെ വ്യാപാരസാധ്യതകള്‍ മനസിലാക്കി ആസാമിലും കര്‍ണാടകത്തിലും ഈയടുത്തായി കേരളത്തിലും വ്യാപകമായി ഊദ് മരം നട്ടുപിടിപ്പിക്കുന്നുണ്ട്. നാനൂറോളം മരങ്ങളാണ് ഏബ്രഹാം നട്ടുപിടിപ്പിച്ചിട്ടുള്ളത്.
ആസാമിലെ വനാന്തരത്തില്‍ നിന്നെത്തുന്ന പ്രത്യേകതരം വണ്ടുകള്‍ അഗര്മരത്തിനകത്ത് കടന്നുകയറി ഉത്പാദിപ്പിക്കുന്ന എന്‍സൈം ഒരുതരം പൂപ്പല്‍ ബാധയുണ്ടാക്കുന്നു. മരത്തിന്റെ കാതലില്‍ നടക്കുന്ന ആ പ്രക്രിയ പൂര്‍ത്തിയായ മരത്തിന്റെ കാതലാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ ഊദായി മാറുന്നത്.
ഇതിനായി ആസാമില്‍ നിന്ന് പരീക്ഷണാര്‍ഥം കൊണ്ടുവന്ന വണ്ടുകളെ കൃത്രിമമായി മരത്തില്‍ കടത്തിവിട്ടെങ്കിലും നമ്മുടെ നാട്ടിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാനാകാതെ വണ്ടുകള്‍ ചത്തുപോകുന്നതായി ഏബ്രഹാം പറയുന്നു. അതുകൊണ്ടു തന്നെ മലേഷ്യയില്‍ നിന്ന് പ്രത്യേക സംഘത്തെ കൊണ്ടുവന്ന് ട്രീറ്റ് ചെയ്യിച്ചാണ് അദ്ദേഹമിപ്പോള്‍ അഗര്‍ മരത്തില്‍ ഊദ് പാകമാക്കിയിരിക്കുന്നത്.
ഫംഗസ് നേരിട്ടുകൊണ്ടുവന്ന് പ്രയോഗിക്കുന്നവരും കേരളത്തില്‍ ഏറെയുണ്ട്. ട്രീറ്റ് ചെയ്ത മരങ്ങളിലെല്ലാം ഊദ് ഉണ്ടാകണമെന്നില്ലെന്നും ട്രീറ്റ് വിജയിച്ചാല്‍ പത്തു മുതല്‍ പതിനേഴു കിലോഗ്രാം വരെ ഊദ് ഒരുമരത്തില്‍ നിന്നു ലഭിച്ചേക്കാമെന്നും എന്നാല്‍ കിലോഗ്രാമിന് പത്തുപതിനാലു ലക്ഷം രൂപ വിലയുള്ള ഊദ്, മലേഷ്യന്‍ സംഘം കിലോക്ക് മൂന്നുലക്ഷം രൂപയ്ക്കാണ് ഇപ്പോള്‍ സംഭരിക്കാമെന്ന് സമ്മതിച്ചിട്ടുള്ളതെന്നും ഏബ്രഹാം വ്യക്തമാക്കി.
ദൈവത്തിന്റെ സ്വന്തം മരമെന്നുപേരുള്ള ’അഗര്‍’ കൃഷി ചെയ്തവരും നഴ്സറിയുള്ളവരും വാറ്റാന്‍ ഡിസ്റ്റലറി തുടങ്ങിയവരുമൊക്കെ നിരവധി ഉണ്ടെങ്കിലും ഊദില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് ആശങ്ക ഉള്ളവരായിരുന്നു ഏറെയും.
പൊന്നിന്റെ വിലയുണ്ടെന്നു കേട്ട് അഗര്മരം നട്ടുപിടിപ്പിച്ചവര്ക്കെല്ലാം സന്തോഷവാര്‍ത്തയാണ് ഏബ്രഹാം നല്‍കുന്നത്. തന്റെ ഊദ് കൃഷിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ’ദീപിക’യില്‍ വന്ന വാര്‍ത്തയിലൂടെയാണ് മലയാളക്കര ആദ്യം ഊദിനെക്കുറിച്ച് കൂടുതലറിഞ്ഞതെന്ന് അബ്രഹാം അഭിമാനത്തോടെ ഓര്‍ക്കുന്നു.