അപകടത്തില്‍പ്പെട്ട ലോറി മാറ്റിയത് ബസ് സ്റ്റോപ്പിന് സമീപം; നാട്ടുകാർക്ക് ദുരിതം
1452174
Tuesday, September 10, 2024 5:05 AM IST
വണ്ടൂര്‍: വണ്ടൂര്‍ പുല്ലൂര്‍ വളവില്‍ വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അപകടത്തിന് ശേഷം അമ്പലപ്പടി ബസ് സ്റ്റോപ്പിനു മുന്‍വശത്തേക്ക് മാറ്റിയിട്ടത് പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. മൂന്ന് റോഡുകള്‍ ചേരുന്ന ഈ ഭാഗത്ത് ലോറി നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡ്, വീടുകളിലേക്കുള്ള വഴി എന്നിവയ്ക്ക് തടസം നേരിടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. കഴിഞ്ഞ 27നായിരുന്നു സംസ്ഥാനപാതയില്‍ പുല്ലൂര്‍ വളവില്‍ ഇതരസംസ്ഥാന ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ ഏഴ് ഇലക്ട്രിക് പോസ്റ്റുകള്‍ ലോറി തകര്‍ത്തിരുന്നു.
വണ്ടൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുന്നിലേക്കാണ് ലോറി മാറ്റിയിട്ടത്. ഇത് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.