റോഡ് തകര്‍ച്ചക്കെതിരേ നാട്ടുകാരുടെ ഉപരോധ സമരം
1452166
Tuesday, September 10, 2024 4:56 AM IST
മഞ്ചേരി: റോഡുകള്‍ നന്നാക്കണമെന്ന രണ്ടരവര്‍ഷക്കാലത്തെ ആവശ്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മേലാക്കം ഏഴാം വാര്‍ഡ് സഹൃദയ നഗറിലെ നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ക്കും നഗരസഭയ്ക്കും എംഎല്‍എയ്ക്കും പലതവണ നിവേദനം നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീട്ടമ്മമാരടക്കം നിരത്തിലിറങ്ങി ഉപരോധം തീര്‍ത്തത്.
റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പ്രദേശത്ത് നിത്യസംഭവമാണ്. ഇത്തരത്തില്‍ കുഴിയില്‍ വീണ് പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ ഒരു മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫിസിയോതെറാപ്പി ചികിത്സയിലാണ്. സഹൃദയനഗറിലെ എല്ലാ റോഡുകളും നന്നാക്കുമെന്നും ഇതിനായി പണം നീക്കിവച്ചിട്ടുണ്ടെന്നുമുള്ള അധികൃതരുടെ ആവര്‍ത്തിച്ചുള്ള ഉറപ്പ് ജലരേഖയായി തുടരുകയാണ്.
ഓട്ടോറിക്ഷകള്‍ പ്രദേശത്തേക്ക് സവാരി നടത്താന്‍ മടിക്കുന്നു. ഇതര വാര്‍ഡുകളില്‍ വിവിധ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും സഹൃദയ നഗറില്‍ മാത്രം മഴയുടെ കാരണം പറഞ്ഞ് അറ്റകുറ്റപ്പണികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഉപരോധ സമരം പ്രസിഡന്റ് പി.ജി. ഉപേന്ദ്രന് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പി. ബാലകൃഷ്ണന്, പി. ഉണ്ണികൃഷ്ണന്, പി. ശങ്കരന്, രാമചന്ദ്രന് പാണ്ടിക്കാട്, പി.ജി. ഉദയഭാനു, സെക്രട്ടറി കെ. അശോകന്, കെ.ജി. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.