മുയ്തായ് ചാമ്പ്യന്‍ഷിപ്പ്: നിഷാത്ത് അന്‍ജും തായ്ലൻഡിലേക്ക്
1452165
Tuesday, September 10, 2024 4:56 AM IST
അങ്ങാടിപ്പുറം: ആസാമില്‍ നടന്ന ദേശീയ മുയ്തായ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ അങ്ങാടിപ്പുറം തരകന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നിഷാത്ത് അന്‍ജും അന്തര്‍ദേശീയ മുയ്തായ് മത്സരത്തില്‍ പങ്കെടുക്കാന്‍ നാളെ തായ്ലഡിലേക്ക് പുറപ്പെടും.
തായ്ലന്ഡിലെ ബാങ്കോക്കില്‍ 11 മുതല്‍ 20 വരെയാണ് യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ കരസ്ഥമാക്കിയ നിഷാത്ത് അന്‍ജും വലമ്പൂര്‍ ഏറാന്തോട് സ്വദേശികളായ അന്‍സാറിന്റെയും സജ്നയുടെയും മകളാണ്.
സ്കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് പെരിന്തല്‍മണ്ണ എസ്ഐ സിജോ സി. തങ്കച്ചന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റഷീദ് കിനാതിയില്‍ അധ്യക്ഷത വഹിച്ചു. നിഷാത്ത് അന്‍ജുമിനുള്ള സ്കൂളിന്റെ ഉപഹാരം എസ്ഐ കൈമാറി.
മാനേജര്‍ വി. കെ. വേണുഗോപാല്‍, പിടിഎ വൈസ്പ്രസിഡന്റ് അസൈനാര്‍ തോട്ടോളി, സി. ശിഹാബ്, ഗിരീഷ് വി. ചന്ദ്രന്, അധ്യാപകരായ സി. പി. പ്രമീള, എന്‍. ജയശങ്കര്‍, എം. നൗഷാദ്, എ. അബ്ദുറഹീം, വി. പ്രസാദ്, പ്രിന്‍സിപ്പല്‍ അനൂപ്, ടി. സി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.