കോണ്‍ഗ്രസ് സ്വതന്ത്ര അംഗം കൂറുമാറി വോട്ട് ചെയ്തു : ഏലംകുളത്ത് യുഡിഎഫിന് ഭരണം നഷ്ടമായി
1452160
Tuesday, September 10, 2024 4:56 AM IST
പെരിന്തല്‍മണ്ണ: ഇഎംഎസിന്റെ ജന്മനാടായ ഏലംകുളം പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് പാസായി.
ചരിത്രത്തിലാദ്യമായി 2020ല്‍ ലഭിച്ച ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെടുന്നത്. രഹസ്യ ബാലറ്റ് ഉപയോഗിച്ചായിരുന്നു ഇന്നലെ വോട്ടെടുപ്പ്. കോണ്‍ഗ്രസ് സ്വതന്ത്ര അംഗം കൂറുമാറി വോട്ട് ചെയ്തതാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് സ്വതന്ത്ര രമ്യ മണിതൊടി പിന്തുണച്ചു.
16 അംഗ ഭരണസമിതിയില്‍ ഒമ്പത് പേര് പ്രസിഡന്റ് സുകുമാരന്‍ എതിരായ അവിശ്വാസത്തെ അനുകൂലിച്ചു. ഏഴ് പേര് എതിര്‍ത്ത് വോട്ട് ചെയ്തു. പെരിന്തല്‍മണ്ണ ബ്ലോക്ക് ജോയിന്റ് ബിഡിഒ
സി. ഷൗക്കത്തലിയായിരുന്നു വരണാധികാരി.
വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. 16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതിപക്ഷത്ത് ഏഴ് സിപിഎം, ഒരു സിപിഐ, ഭരണപക്ഷത്ത് അഞ്ച് കോണ്‍ഗ്രസ്, രണ്ട് മുസ്ലിം ലീഗ്, ഒരു വെല്‍ഫെയര്‍ പാര്‍ട്ടി എന്നതാണ് കക്ഷിനില.
കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും എട്ട് വീതം തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം കോണ്‍ഗ്രസ് സ്വതന്ത്ര അംഗമായ രമ്യയെ സിപിഎം വിലക്ക് വാങ്ങിയും വാഗ്ദാനങ്ങള്‍ നല്‍കിയും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ചെന്ന് പ്രസിഡന്റ് സുകുമാരന്‍ ആരോപിച്ചു. രണ്ടു ദിവസമായി ഇവരെ സിപിഎം ഒളിവില്‍ പാര്‍പ്പിച്ച് വോട്ടെടുപ്പ് നടക്കുന്ന ദിവസം രാവിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അതീവ ബന്ധവസിലാണ് എത്തിച്ചതെന്നും സുകുമാരന്‍ ചൂണ്ടിക്കാട്ടി.