വില വര്‍ധനവ് : ടയര്‍ റീസോളിംഗ് വ്യവസായം പ്രതിസന്ധിയില്‍
1445118
Thursday, August 15, 2024 8:32 AM IST
മഞ്ചേരി : ജില്ലയില്‍ പതിനായിരത്തിലധികം പേര് പ്രത്യക്ഷമായും പരോക്ഷമായും ഉപജീവന മാര്‍ഗമാക്കിയ ടയര്‍ റീസോളിംഗ് വ്യവസായം രൂക്ഷമായ പ്രതിസന്ധിയില്‍.
അനുബന്ധ ഉത്പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ധനവാണ് വ്യവസായത്തെ അടച്ചുപൂട്ടല്‍ ഭീഷണിയിലാക്കിയിരിക്കുന്നത്. റബര്‍ ഷീറ്റ് വില റിക്കാര്‍ഡ് ഭേദിച്ചിരിക്കയാണ്. ഇതോടെ ട്രെഡ് റബര്‍ നിര്‍മാതാക്കള്‍ വില വന്‍ തോതില്‍ വര്‍ധിപ്പിച്ചു. റീസോളിംഗിനാവശ്യമായ ക്യൂറിംഗ് ബാഗ്, ട്യൂബ്സ്, സൊല്യൂഷന്, പെട്രോള്‍, ബോണ്ടിംഗ് ഗം, എന്‍വലപ്, ക്യൂറിംഗ് ബാഗ്സ് എന്നിവയുടെ വിലയില്‍ മാത്രമല്ല, വാടക, വൈദ്യുതി, തൊഴില്‍ വേതനം എന്നിവയിലും വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്.
പല യൂണിറ്റുകളും പിടിച്ചുനില്‍ക്കാനാകാതെ ഇതിനകം പൂട്ടി. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ വ്യവസായത്തിന് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഇന്നലെ മഞ്ചേരി വ്യവസായ ഭവനില്‍ ചേര്‍ന്ന കേരള ടയര്‍ റീട്രെടേഴ്സ് അസോസിയേഷന് (കെടിആര്എ) ജില്ലാ ജനറല്‍ ബോഡി യോഗം വിലയിരുത്തി.
അനുബന്ധ വസ്തുക്കളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഒരു ദിവസം ജില്ലയിലെ മുഴുവന്‍ റീസോളിംഗ് സ്ഥാപനങ്ങള്‍ അടച്ചിടാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി. അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അലവിക്കുട്ടി വിഷയമവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. സക്കീര്‍ മുഖ്യപ്രഭാഷണം നടത്തി. ട്രെഡ് റബര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.പി. സുബൈര്‍, മേഖലാ ഭാരവാഹികളായ മുരളി, ഷാജഹാന്, സലീം, ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.