ചുവന്നു തുടുത്ത സ്നേഹത്തിന് 19 വയസ്
1444872
Wednesday, August 14, 2024 7:51 AM IST
അങ്ങാടിപ്പുറം: രക്തദാനത്തിന്റെ 19 വര്‍ഷങ്ങള്‍ പിന്നിട്ട പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ജീവിതപുണ്യം. രക്തദാനം ജീവദാനം എന്ന മഹത് വചനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലേക്ക് ഇതിനകം നല്‍കിയത് 2000 കുപ്പി രക്തം.
നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്), സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് രക്തദാനത്തിന്റെ 19-ാം വാര്‍ഷികം സ്കൂളില്‍ നടന്നത്.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 70 പേരാണ് ഈ വര്‍ഷത്തെ ആദ്യ രക്തദാന ക്യാമ്പില്‍ പങ്കാളികളായത്. ഈ വര്‍ഷം രണ്ടുരക്തദാന ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കും. 2005ല്‍ മലപ്പുറം ജില്ലയില്‍ ആദ്യമായി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ രക്തദാന പ്രസ്ഥാനത്തിന് തുടക്കമിട്ടത് സെന്റ് മേരീസ് സ്കൂളിലാണ്. ഇത് മറ്റു വിദ്യാലയങ്ങള്‍ക്കും പ്രചോദനമായി. അന്നുമുതല്‍ ഇന്നോളം പ്ലസ്ടു വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഈ സ്നേഹപാഠം മറന്നിട്ടില്ല. രക്തദാന മികവിന് നിരവധി പുരസ്കാരങ്ങളും ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം യഥാസമയം രക്തം എത്തിച്ചു നല്കാന് സേവ്യര്‍ എം.ജോസഫ്, പി.കെ.നിര്‍മല്‍ കുമാര്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ സേവനവിഭാഗവും ഉണ്ട്. അധ്യാപകരായ മനോജ് കെ.പോള്‍, ജോര്‍ജ് ജേക്കബ്, നിഷ ജെയിംസ്, അനധ്യാപകരായ സാബു കാലായില്‍, അഖില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ രക്തം നല്കി കുട്ടികള്‍ക്ക് മാതൃകയായി. സ്കൂളിലെ ജീവനക്കാരനായ സാബു കാലായില്‍ 50-ാമത് രക്തദാനം നിര്‍വഹിച്ച് സ്കൂളിന് അഭിമാനമായി. പിടിഎ പ്രസിഡന്റ് സാജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ പി.ടി.സുമ, ഡോ. മുഹമ്മദ് അനസ് എന്നിവര്‍ പ്രസംഗിച്ചു.