കൂടുതല്‍ മൃതദേഹങ്ങള്‍ ചാലിയാറിലെ മണ്‍തിട്ടകള്‍ക്കടിയില്‍ ഉണ്ടെന്ന് സൂചന
1444535
Tuesday, August 13, 2024 5:02 AM IST
എടക്കര: മുണ്ടക്കൈ ദുരന്തത്തില്‍ ഒഴുകിയെത്തിയ കൂടുതല്‍ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലെ മണ്‍തിട്ടകള്‍ക്കടിയില്‍ ഉണ്ടെന്ന് സൂചന. കഴിഞ്ഞ ദിവസം ചാലിയാറില്‍ ഉണ്ടായ ശക്തമായ ഒഴുക്കിനെത്തുടര്‍ന്നാണ് ഇരുട്ടുകുത്തിയില്‍ മണല്തിട്ടയ്ക്കടിയില്നിന്നു ഒരു മൃതദേഹം കണ്ടെടുക്കാനായത്.
മലവെള്ളപ്പാച്ചിലില്‍ മണല്‍തിട്ട ഒലിച്ച് പോവുകയും ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നായ്ക്കളാണ് മൃതദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായ്ക്കള്‍ മണ്‍തിട്ട മാന്തുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് പുരുഷന്റെതെന്ന് കരുതുന്ന ഒരു മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ മണ്ണ് നീക്കി ഇന്നലെ പുറത്തെടുത്തത്. മേഖലയില്‍ ശക്തമായ മഴ മാറിയിട്ട് ഒരാഴ്ചയിലധികമായി.
മണലും മണ്ണും നിറഞ്ഞ് ചാലിയാര്‍ പുഴയുടെ ആഴം തീരെ കുറഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. പലയിടങ്ങളിലും പുഴ ഇറങ്ങിക്കടക്കാന്‍ പാകത്തിന് മാത്രമേ വെള്ളമുള്ളൂ. എന്നാല്‍ ഞായറാഴ്ച മുണ്ടേരി, മേപ്പാടി വനമേഖലയിലും പോത്തുകല്ലിലും കനത്ത മഴ പെയ്തിറങ്ങിയിരുന്നു. ശക്തമായ ഒഴുക്കില്‍ പുഴയില്‍ രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ ഒഴുകിപോവുകയും അവയ്ക്കടിയില് കിടന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്ത് കാണുന്ന അവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച തെരച്ചില്‍ സംബന്ധിച്ച യോഗത്തിനെത്തിയ വനപാലകര്‍ ചാലിയാറില്‍ വെള്ളം കൂടിയതിനാല്‍ തിരികെ പോകാനാകാതെ കുടുങ്ങിയിരുന്നു. തിങ്കളാഴ്ചയാണിവര്‍ പുഴ കടന്ന് വാണിയംപുഴ വനം ഓഫീസിലെത്തിയത്. ഇന്ന് നടക്കുന്ന ജനകീയ തെരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.