ഇരട്ട സ്വര്‍ണമെഡലുമായി ഗൗരീനന്ദ
1444530
Tuesday, August 13, 2024 5:02 AM IST
മേലാറ്റൂര്‍: മലേഷ്യയിലെ പെനാങ്ങില്‍ നടന്ന ഏഷ്യന്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് രാജ്യത്തിനായി സ്വര്‍ണമണിഞ്ഞ് ഗൗരീനന്ദ അഭിമാനമായി. 500 മീറ്റര്‍ വ്യക്തിഗത മത്സരത്തിലും 2000 മീറ്റര്‍ ഡബിള്‍സിലുമായി രണ്ട് സ്വര്‍ണമെഡലുകളാണ് മേലാറ്റൂര്‍ സ്വദേശിനിയായ ഗൗരീനന്ദ നേടിയത്. 500 മീറ്ററില്‍ തായ്ലന്ഡ് താരത്തെയും 2000 മീറ്ററില്‍ ശ്രീലങ്കന്‍ താരത്തെയും തോല്‍പ്പിച്ചാണ് സ്വര്‍ണ നേട്ടം കൈവരിച്ചത്.
ഡബിള്‍സില്‍ ഹരിയാനയുടെ ദേവിസുമന് ആയിരുന്നു ഗൗരീനന്ദയുടെ ജോഡി. ആലപ്പുഴ സായി കേന്ദ്രത്തിലായിരുന്നു ഗൗരീനന്ദയുടെ പരിശീലനം. മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കണ്ടമംഗലത്ത് വീട്ടില്‍ ശിവപ്രകാശ് ദീപ്തി ദമ്പതിമാരുടെ മകളായ ഗൗരീനന്ദ ആലപ്പുഴ എസ്ഡിവിബിഎച്ച്എസ്എസില് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും.