നിലമ്പൂര്‍ നഗരവികസനം അട്ടിമറിക്കുന്നതായി ആരോപണം
1444529
Tuesday, August 13, 2024 5:02 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരവികസനം കെട്ടിട ഉടമകള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. പ്രതിഷേധത്തെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവച്ചു.
നിലമ്പൂര്‍ നഗരവികസനത്തിന്റെ ഭാഗമായി നടപ്പാത നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കിയ കെട്ടിട ഉടമ പൊതുമരാമത്ത് വകുപ്പ് നല്കിയ നിര്‍ദേശം മറികടന്ന് വീതി കുറച്ച് ചെയ്യുന്നതില്‍ പ്രതിഷേധിച്ചും ഒരു കെട്ടിട ഉടമ നിര്‍മിച്ച നടപ്പാത കടയുടെ ഷട്ടറിനുള്ളിലാകുന്നതിലും പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം.
ഒടുവില്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ (എഇ) ഉള്‍പ്പെടെയുള്ളവരെ പ്രതിഷേധക്കാര്‍ വിളിച്ചുവരുത്തി. സ്ഥലം പരിശോധിച്ച എ.ഇ. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാതകള്‍ ഒരേ വീതിയില്‍ നിര്‍മിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് നടപ്പാതയുടെ ഗുണം ലഭിക്കുവെന്ന് കെട്ടിട ഉടമയെ അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവച്ചു.
നഗര വികസനത്തിന് നേരെ മുഖം തിരിച്ചു നിന്ന ഈ രണ്ട് കെട്ടിട ഉടമകളെ നിരവധി തവണ നടത്തിയ ചര്‍ച്ചകളിലൂടെയാണ് നഗരവികസനത്തിന് അനുകൂല നിലപാട് സ്വീകരിപ്പിച്ചത്. എന്നാല്‍ ഇവര്‍ നടപ്പാത നിര്‍മിച്ച് നല്‍കാമെന്ന് നല്കിയ ഉറപ്പിലാണ് കെട്ടിട ഉടമകളെ അവരുടെ കെട്ടിടങ്ങള്‍ക്ക് മുമ്പിലെ പ്രവൃത്തി ചെയ്യാന്‍ അനുവദിച്ചത്.
ഒരു കെട്ടിട ഉടമ പൊതുനടപ്പാത ഷട്ടറിനുള്ളിലാക്കിയപ്പോള് രണ്ടാമത്തെ കെട്ടിട ഉടമ ഓവുചാല്‍ നിര്‍മാണത്തില്‍ വീതി കുറച്ചാണ് പ്രവൃത്തി നടത്തുന്നത്. ലോഡ്ജ് മാലിന്യങ്ങള്‍ കെട്ടിട ഉടമ പഴയ ഓവുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം താക്കീതും നല്കി.