സഹപാഠിക്ക് കൈതാങ്ങുമായി വിദ്യാര്‍ഥികള്‍
1444525
Tuesday, August 13, 2024 4:54 AM IST
എടക്കര: മാരകരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന സഹപാഠിയെ സഹായിക്കാന്‍ കൂട്ടുകാര്‍ രംഗത്ത്. വഴിക്കടവ് എയുപി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ വഴിക്കടവ് ആനമറി സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കും മറ്റുമായി ലക്ഷങ്ങള്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുട്ടിയുടെ ചികിത്സ വഴിമുട്ടി.
ഇതോടെ നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് ബാങ്കില്‍ അക്കൗണ്ട് തുറന്നു. ഈ സാഹചര്യത്തിലാണ് സഹപാഠികളും അധ്യാപകരും കൈകോര്‍ത്തത്. വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും 55,000 രൂപയും അധ്യാപകരും സ്കൂള്‍ മാനേജ്മെന്റും 35,000 രൂപയും ഉള്‍പ്പെടെ 90,000 രൂപയാണ് സ്വരൂപിച്ചത്. തുക സ്കൂളില്‍ വച്ച് ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. കമ്മിറ്റി ചെയര്മാന് കൂടിയായ വാര്‍ഡ് അംഗം സിന്ധുരാജന്‍, കണ്‍വീനര്‍ കുന്നുമ്മല്‍ ബഷീര്‍, ട്രഷറര്‍ വിനോദ് കുമാര്‍, എക്സിക്യൂട്ടീവ് അംഗം അന്‍വര്‍ ബാബു എന്നിവര്‍ സ്കൂള്‍ മാനേജര്‍ പി. കുഞ്ഞുമൊയ്തീനില് നിന്നു തുക ഏറ്റുവാങ്ങി.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധുരാജന്‍, സ്കൂള്‍ മാനേജര്‍ പി. കുഞ്ഞിമൊയ്തീന്‍, പ്രധാനാധ്യാപകന് കെ.എ. ലാല്‍ജി, പിടിഎ വൈസ് പ്രസിഡന്റ് എം.കെ. കുഞ്ഞിമുഹമ്മദ്, എംടിഎ പ്രസിഡന്റ് സി.കെ. ജംഷി, സ്റ്റാഫ് സെക്രട്ടറി കെ.കെ. സോണി, പൊതുപ്രവര്‍ത്തകര്‍ വി. വിനയചന്ദ്രന്, സഹായകമ്മിറ്റി എക്സിക്യുട്ടീവ് അംഗം ഈന്തന്‍കുഴിയന്‍ മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.