മേല്‍പാലത്തിന് സമീപം കുഴി അടക്കല്‍ ഗതാഗത കുരുക്കിലമര്‍ന്ന് അങ്ങാടിപ്പുറം
1444523
Tuesday, August 13, 2024 4:54 AM IST
പെരിന്തല്‍മണ്ണ: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പാലത്തിന് പരിസരത്ത് രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ അടക്കാന്‍ തുടങ്ങിയതോടെ ദേശീയപാതയില്‍ ഗതാഗതകുരുക്ക് രൂക്ഷമായി.
പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ബൈപ്പാസ് ജംഗ്ഷന് വരെയും വളാഞ്ചേരി ഭാഗത്തേക്ക് വൈലോങ്ങര വരെയും മലപ്പുറം ഭാഗത്തേക്ക് ഒരോടംപാലം വരെയും വാഹനങ്ങളുടെ കുരുക്ക് നീണ്ടു.
ഇതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ നേരം മുന്നോട്ടു നീങ്ങാനാകാതെ കിടന്നു. ഗതാഗതകുരുക്ക് രൂക്ഷമായതോടെ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് താത്കാലികമായി കുഴിയടക്കല്‍ നിര്‍ത്തിവച്ചു.
ഇതിനുശേഷമാണ് വാഹനങ്ങള്‍ നീങ്ങി തുടങ്ങിയത്. പാലത്തിലെയും പരിസരങ്ങളിലെയും കുഴികള്‍ അടച്ച് കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തിയാല്‍ ഇവിടത്തെ ഗതാഗതകുരുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാനാകും.
തിരക്കേറിയ ദിനമായ തിങ്കളാഴ്ച പോലെയുളള ദിവസം കുഴിയടക്കാന്‍ തീരുമാനിച്ചതാണ് പ്രശ്നമായത്. രാത്രിയില്‍ ഇത്തരം പ്രവൃത്തി നടത്തിയാല്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ പണി പൂര്‍ത്തിയാക്കാം.