എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
1443657
Saturday, August 10, 2024 5:17 AM IST
കൊളത്തൂര്‍: 5.820 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര് അറസ്റ്റില്‍. കാറിലും ബൈക്കിലുമായെത്തിയ പുത്തനങ്ങാടി, മഞ്ചേരി സ്വദേശികളില്‍ നിന്നാണ് കൊളത്തൂര്‍ പോലീസ് ഇവ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നടത്തിയ പരിശോധനയില്‍ പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിന്‍ വര്‍ഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിന്‍ഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ വദൂദ് (26) എന്നിവരാണ് പിടിയിലായത്.
ജില്ലയില്‍ രാത്രികളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി ജില്ലാപോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിരുന്നു.
തുടര്‍ന്ന് പുഴക്കാട്ടിരി മണ്ണുംകുളം കേന്ദ്രീകരിച്ച് രാത്രി സ്ഥിരമായി സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളെക്കുറിച്ച് വിവരം ലഭിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.ഏബ്രഹാം, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മൂവരേയും എംഡിഎംഎയുമായി പിടികൂടിയത്.
എസ്ഐ രാജേഷ്, കൊളത്തൂര്‍ സ്റ്റേഷനിലെ സിപിഒമാരായ അഭിജിത്, നിധിന്, സഫര്‍ അലിഖാന് എന്നിവരും ജില്ലാ ആന്റി നാര്‍കോട്ടിക് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.