ശബരിമലയില്‍ നിറഉത്സവത്തിന് ആനമങ്ങാട് ക്ഷേത്രം വക കതിര്‍ക്കറ്റകള്‍
1443653
Saturday, August 10, 2024 5:10 AM IST
ആനമങ്ങാട്: ശബരിമലയിലെ നിറഉത്സവത്തിന് ഇത്തവണ ആനമങ്ങാട് കുന്നിന്മേല് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് നെല്ക്കതിര് കൊണ്ടുപോകും. ഇതിന്റെ ഭാഗമായി കതിര്‍ക്കറ്റകള്‍ ഒരുക്കുന്നതിന്ക്ഷേത്രംവക പാടശേഖരത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഭക്തര്‍ കൂട്ടമായെത്തി കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. 12നാണ് ശബരിമലയില്‍ നിറവ് ഉത്സവം നടക്കുന്നത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നാളെ രാവിലെ ഒമ്പതിന് ഭക്തർ കതിര്‍ക്കറ്റകള്‍ എഴുന്നള്ളിക്കും.
അഞ്ചേക്കര്‍ പാടശേഖരത്തില്‍ എല്ലാ വര്‍ഷവും നെല്‍കൃഷി ചെയ്യാറുണ്ട്. ഓരോ വര്‍ഷവും നൂറുക്കണക്കിന് ക്ഷേത്രങ്ങളിലേക്ക് നിറ ഉത്സവത്തിന് ഇവിടെ നിന്ന് കതിര് കൊണ്ടുപോകാറുണ്ട്. പ്രസിദ്ധമായ ശബരിമല നിറഉത്സവത്തിന് ഇതാദ്യമായാണ് ആനമങ്ങാട് കുന്നിന്മേല് പാടശേഖരത്തില്‍നിന്നു കതിര് കൊണ്ടുപോകുന്നത്. വള്ളുവനാട്ടിലെ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ പല ദിവസങ്ങളിലാണ് ഈ വര്‍ഷം നിറഉത്സവം നടക്കുന്നത്.
അതിനാല്‍ ഇത്തവണ വ്യത്യസ്ത മൂപ്പുള്ള ഉമ, കാഞ്ചന, പി.ടി. സെവന് എന്നീ വിത്തുകള്‍ ഉപയോഗിച്ചാണ് നെല്‍കൃഷി ചെയ്തിട്ടുള്ളത്. ക്ഷേത്രകമ്മിറ്റി സെക്രട്ടറി എന്‍.പി. മുരളി, ക്ഷേത്ര കമ്മിറ്റി അംഗവും കര്‍ഷകനുമായ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്.