പോത്തുകല്ലില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ചു
1443650
Saturday, August 10, 2024 5:10 AM IST
എടക്കര: മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോത്തുകല്ലില്‍ ചാലിയാറിന്റെ ഓരങ്ങളിലെ കിണറുകളില്‍ ക്ലോറിനേഷനും വീടുകളില്‍ ബോധവത്കരണവും നടത്തി. ചാലിയാര്‍ തീരത്തെ ജലനിധി കിണറുകളും പുഴയോര പ്രദേശത്തെ 600ലധികം കിണറുകളുമാണ് ശുചീകരിച്ചത്.
പഞ്ചായത്ത് പരിധിയില്‍ എട്ടോളം കിണറുകളാണ് ചാലിയാര്‍ പുഴയോരത്തുള്ളത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കിണറുകളില്‍ വെള്ളം കയറിയും മാലിന്യം വന്നടിഞ്ഞും ഉപയോഗശൂന്യമായിരിക്കുകയാണ്. പഞ്ചായത്തിലെ നിരവധി വാര്‍ഡുകളിലെ 600 ലധികം വരുന്ന കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ചാലിയാര്‍ പുഴയോരത്തെ ഈ കുടിവെള്ള പദ്ധതികളെയാണ്.
ശുചീകരണ പ്രവര്‍ത്തനത്തോടൊപ്പം മുഴുവന്‍ കിണറുകളിലെയും വെള്ളം പരിശോധനക്കായി ലാബിലേക്ക് അയച്ചു. 740 വീടുകളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ സന്ദേശവും പ്രതിരോധ മരുന്നും വിതരണം ചെയ്തു. പോത്തുകല്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യു. സജീഷ്, ജെഎച്ച്ഐമാരായ കെ. പവിത്രന്, പി.ബി. അനില്‍കുമാര്‍, എ. ഗീരീഷ്, കെ. മന്‍സൂര്‍ റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.