18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
1443644
Saturday, August 10, 2024 5:10 AM IST
സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പോലീസിന്റെ വ്യാപക വാഹന പരിശോധന
മലപ്പുറം: സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ജില്ലാ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയുടെ ഭാഗമായി നിയമലംഘനം നടത്തിയ 243 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2046 പേര്‍ക്കെതിരേയും ട്രിപ്പിള്‍ വച്ച് വാഹനം ഓടിച്ച 259 പേര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചു.
കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ച 18 വയസിന് താഴെയുള്ള 18 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനം ഓടിച്ച കുട്ടികള്‍ക്കെതിരേ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിക്കും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് അതത് വാഹന ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് കൂടാതെ വാഹനത്തിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുന്നതിനും 25 വയസ് വരെ ലൈസന്‍സ് നല്‍കുന്നത് തടയുന്നതിനും മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിര്‍ദേശ പ്രകാരം സബ്ഡിവിഷന് പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, ട്രാഫിക് പോലീസ് തുടങ്ങിയവരാണ് ജില്ലയില്‍ സ്പെഷല്‍ ഡ്രൈവ് നടത്തിയത്. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന ഇനിയും തുടരമെന്ന് എസ്പി അറിയിച്ചു.