ദുരിതബാധിതരെ സഹായിക്കാൻ കുടുക്കയിലെ മുഴുവൻ തുകയും നൽകി എൽകെജി വിദ്യാർഥിനി
1443343
Friday, August 9, 2024 5:07 AM IST
മങ്കട: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും നൽകി എൽകെജി വിദ്യാർഥിനി. പുളിക്കൽപറമ്പ് എഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയും മങ്കട കരിമലയിലെ പട്ടാമ്പി നൗഫലിന്റെയും ഫർസാനയുടെയും മകളുമായ ആയിഷ ദുആ ആണ് വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി സ്കൂൾ നടത്തുന്ന കലക്ഷനിലേക്ക് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ പണവും സംഭാവന ചെയ്തത്.
രണ്ടുദിവസമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഈ ഉദ്യമവുമായി ബന്ധപ്പെട്ട് സംഭാവനകൾ നൽകി വരുന്നുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ആയിഷ, ഉമ്മ ഫർസാനയോട് തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഏതാനും മാസങ്ങളായി പിതാവ് നൗഫൽ വാഹനാപകടത്തിൽ പരിക്കേറ്റ് ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടി ഇരിക്കുകയാണ്.
ഇതേ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ആയിഷക്ക് എല്ലാ രീതിയിലും സൗജന്യ വിദ്യാഭ്യാസമാണ് നൽകി വന്നിരുന്നത്. പ്രയാസം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് നേരിട്ടറിഞ്ഞ ആയിഷ സമ്പാദ്യം കൈമാറുന്ന വിവരം ക്ലാസ് അധ്യാപിക സുഹാനയെ അറിയിക്കുകയും തുക ഇന്നലെ സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക കെ. മായ ഏറ്റുവാങ്ങുകയും ചെയ്തു.
അടുത്തദിവസം തന്നെ സ്കൂളിലെ വിദ്യാർഥികളിൽ നിന്നും ലഭിച്ച മുഴുവൻ തുകയും കളക്ടർക്ക് കൈമാറാനാണ് പിടിഎയുടെയും മാനേജ്മെന്റിന്റെയും തീരുമാനം.