മികച്ച പ്രവര്‍ത്തനത്തിന് വിരമിച്ച എസ്പിമാര്ക്ക് ഐപിഎസ് നല്കി സര്‍ക്കാരിന്റെ അംഗീകാരം
1443341
Friday, August 9, 2024 5:07 AM IST
നിലമ്പൂര്‍: കേരള പോലീസിലെ മികച്ച പ്രവര്‍ത്തനത്തിന് വിരമിച്ച രണ്ട് എസ്പിമാര്ക്ക് ഐപിഎസ് നല്കി സര്‍ക്കാരിന്റെ അംഗീകാരം. മികച്ച കുറ്റാന്വേഷണ വിദഗ്ധനായ നിലമ്പൂര്‍ സ്വദേശി എം.പി. മോഹന ചന്ദ്രനും നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിയായി വിരമിച്ച കെ. സലീമിനുമാണ് ഐപിഎസ് ലഭിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായിരിക്കെ കഴിഞ്ഞ നവംബറിലാണ് മോഹന ചന്ദ്രന് വിരമിച്ചത്.
സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനവും ദേശീയ സുരക്ഷാ സേനയുടെ കമാന്‍ഡോ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ മോഹന ചന്ദ്രന് നിരവധി കേസുകള്‍ തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സുരക്ഷാ സംഘത്തിലുമുണ്ടായിരുന്നു.
എസ്ഐ ആയി പോലീസില്‍ പ്രവേശിച്ച അദ്ദേഹം സംസ്ഥാനത്തെ പ്രധാന ബാങ്ക് കവര്‍ച്ചാ കേസുകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, തിരുനാവായ എന്നിവയിലെ പ്രതികളെ പിടികൂടുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ചില കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി വരെ പ്രതികളെ പിടികൂടിയിട്ടുണ്ട്. ഭാര്യ: നിര്‍മല (നിലമ്പൂര്‍ വീട്ടിക്കുത്ത് ജിഎല്‍പിഎസ്). മക്കള്‍: ഡോ. അപര്‍ണ, നന്ദന.
നിലമ്പൂര്‍ സ്വദേശിയായ കെ. സലീമിനും പോലീസിലെ അന്വേഷണ മികവിന്റെ അടിസ്ഥാനത്തിലാണ് വിരമിച്ചതിന് ശേഷവും ഐപിഎസ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് എസ്പിയായി വിരമിച്ചത്. എസ്ഐയായി പോലീസില്‍ തുടക്കമിട്ട സലീം തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ മികവുറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്.
കോങ്ങാട് ബാങ്ക് കവര്‍ച്ച, പുന്നാട് മുഹമ്മദ് വധക്കേസ് എന്നിവ തെളിയിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. മലബാര്‍ സിമന്റ്സ് സ്പിരിറ്റ് കേസില്‍ പ്രധാന ഇടപെടല്‍ നടത്തി. മാറാട് കേസിലെ ആന്വേഷണ സംഘത്തിലുമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ മെഡല്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. അധ്യാപികയായ ഷഹര്ബാന് ആണ് ഭാര്യ. മക്കള്‍: നിത, ഇഷ.