പ്രളയം കഴിഞ്ഞ് ആറു വർഷം : മതിൽമൂല നഗറിൽ 18 കുടുംബങ്ങൾ കഴിയുന്നത് പൂർത്തിയാകാത്ത വീടുകളിൽ
1443046
Thursday, August 8, 2024 5:11 AM IST
നിലന്പൂർ: മതിൽമൂല നഗറിനെ പ്രളയം എടുത്തിട്ട് ആറു വർഷം. ഇനിയും പുനരധിവാസം പൂർത്തിയായില്ല. 18 വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചു. പലരും വീട് നിർമാണം പൂർത്തീകരിക്കാൻ സർക്കാർ നൽകിയ ഭൂമിയുടെ ആധാരം ബാങ്കിൽ വച്ച് ലക്ഷങ്ങൾ വായ്പ എടുത്തിരിക്കുകയാണ്. പ്രളയം കവർന്ന വീടുകളിലെ അവശേഷിക്കുന്ന ഭാഗത്ത് ഇപ്പോഴും താമസിക്കുന്നത് എട്ടോളം കുടുംബങ്ങൾ.
2018 ൽ ആഢ്യൻപാറയ്ക്ക് മുകളിൽ പന്തിരായിരം വനത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകി എത്തിയ മലവെള്ളപാച്ചിലിൽ മതിൽമൂല നഗറിലെ 42 വീടുകളും കൃഷിയിടങ്ങളും റോഡും വൈദ്യുത തൂണുകളും തകർന്നത്.
ജനറൽ, എസ്സിഎസ്ടി വിഭാഗങ്ങളിലായുള്ള 42 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ എസ്ടി വിഭാഗത്തിലെ കുടുംബങ്ങൾക്ക് അകന്പാടം കണ്ണംകുണ്ടിൽ വീടുകൾ നിർമിച്ച് നൽകിയെങ്കിലും കുടിവെള്ള സൗകര്യമൊരുക്കാത്തതിനാൽ 34 കുടുംബങ്ങളിൽ 15 കുടുംബങ്ങൾ ഇവിടേക്ക് താമസം മാറ്റിയിട്ടില്ല.
മതിൽമൂലനഗറിലെ കുടുംബങ്ങൾക്കൊപ്പം വൈലാശേരി നഗറിലെ പട്ടികവർഗ കുടുംബങ്ങൾക്കുമായാണ് 34 വീടുകൾ നിർമിച്ചിട്ടുള്ളത്. എസ്സി വിഭാഗത്തിനും ജനറൽ വിഭാഗത്തിനും വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപയാണ് നൽകിയത്. ഇതിൽ ആറു ലക്ഷം ഭൂമി വാങ്ങാനും നാലു ലക്ഷം വീട് നിർമിക്കാനുമാണ്.
എന്നാൽ വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് കരാറുകാർ അറിയിച്ചു. അടുക്കള ഇല്ലാത്ത, ജനലുകൾ ഇല്ലാത്ത, തേയ്ക്കാത്ത പാതിപണി പൂർത്തീകരിച്ച വീടുകളിലാണ് ഇവർ കഴിയുന്നത്. പലരും വീട് നിർമാണത്തിന് ഈ സ്ഥലങ്ങളുടെ ആധാരം പണയം വച്ച് ബാങ്കിൽ നിന്നു കടമെടുത്താണ് വീടുകളുടെ നിർമാണം നടത്തുന്നത്. പ്രളയം കഴിഞ്ഞ് ആറു വർഷം പൂർത്തിയാകുന്പോഴും ഇവർ ദുരിതജീവിതം തുടരുകയാണ്.