വയനാടിന് കൈതാങ്ങാകാൻ ഡിവൈഎഫ്ഐയുടെ ’ആക്രി’ ചലഞ്ച്
1443043
Thursday, August 8, 2024 5:11 AM IST
പൂക്കോട്ടുംപാടം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് കൈത്താങ്ങാകാൻ അമരന്പലത്ത് ഡിവൈഎഫ്ഐ ആക്രി ചലഞ്ചിലൂടെ ഫണ്ട് സമാഹരണം നടത്തുന്നു. ഇതിനു മികച്ച പ്രതികരണമാണ് അമരന്പലത്തെ പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് വയനാട്ടിൽ വീടുകൾ വച്ച് നൽകുവാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുള്ളത്.
അമരന്പലത്തെ മുഴുവൻ ജനതയും കാന്പയിനുമായി സഹകരിക്കുന്നുണ്ടെന്നും 11വരെ തുടരുന്ന സ്ക്രാപ്പ് ചലഞ്ചിന്റെ ഭാഗമായി വയനാടിനെ കൈപിടിച്ചുയർത്താൻ തുടർന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
അമരന്പലത്ത് 20 യൂണിറ്റ് കമ്മിറ്റികളിൽ നടന്നുവരുന്ന സ്ക്രാപ്പ് ചലഞ്ചിന് യൂണിറ്റ് ഭാരവാഹികൾ, ഡിവൈഎഫ്ഐ നിലന്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുജീഷ് മഞ്ഞളാരി, മേഖല സെക്രട്ടറി അർജുൻ വെള്ളോലി, പ്രസിഡന്റ് സുബിൻ കക്കുഴി, ട്രഷറർ എൻ. വൈഷ്ണവ്, എ. ജിഷ്ണു, നിഖിൽ ഉപ്പുവള്ളി, പി.വി. വിജീഷ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.