യൂറോ-കോപ്പ ആവേശത്തില്‍ ലഹരിക്കെതിരേ ബോധവത്കരണം
1435973
Sunday, July 14, 2024 5:58 AM IST
നിലമ്പൂര്‍: നാളെ നടക്കാനിരിക്കുന്ന യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനല്‍ ആവേശത്തില്‍ എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ സന്ദേശമുയര്‍ത്തിയാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചത്.
ഷൂട്ട് ആന്‍ഡ് ഔട്ട് ദി ഡ്രഗ്സ് എന്ന സന്ദേശവുമായി അകമ്പാടം അങ്ങാടിയില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചാണ് യൂറോകോപ്പ ഷൂട്ടൗട്ട് നടന്നത്. ലഹരി ഉപയോഗത്തിനെതിരേ വിദ്യാര്‍ഥി പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരംനടത്തിയത്. വിദ്യാര്‍ഥികള്‍ നടത്തിയ ഷൂട്ടൗട്ട് മത്സരത്തില്‍ "മദ്യവും മയക്കുമരുന്നും’ ഔട്ടായി.
എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം, റോവര്‍ ക്രൂ, വിമുക്തി ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മദ്യവും മയക്കുമരുന്നും മാനവരാശിയുടെ അന്തകരാണെന്നും ജീവിതത്തിലൊരിക്കലും അവ ഉപയോഗിക്കുകയില്ലെന്നും വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
ഷൂട്ടൗട്ടിന് പിടിഎ ഭാരവാഹികളായ വിശ്വനാഥന്, ഷാന്‍ ബോസ്, അസ്കര്‍, ഷാനവാസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആന്റണി, വിമുക്തി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ അശോക് കുമാര്‍, റോവര്‍ ലീഡര്‍ മുഹമ്മദ് റസാക്ക്, അധ്യാപകരായ റിയാസ് ബാബു, രതീഷ്, വിദ്യാര്‍ഥികളായ ആഷിഫ്, അര്ജുന്, അംജദ്, വിപിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.