നിലമ്പൂര്‍ നഗരവികസനം: കെട്ടിട ഉടമകള്‍ സ്റ്റേ വാങ്ങിയത് പ്രവര്‍ത്തനത്തെ ബാധിക്കും
1435962
Sunday, July 14, 2024 5:52 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരവികസനം പൂര്‍ത്തീകരിക്കല്‍ വൈകും. രണ്ട് കെട്ടിട ഉടമകള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതാണ് വികസനത്തിന് തിരിച്ചടിയായത്. സ്റ്റേ നീക്കാനുള്ള നടപടി വൈകുന്നതില്‍ എംഎല്‍എക്കും നഗരസഭക്കും പൊതുമരാമത്ത് വകുപ്പിനും എതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.
നഗരവികസനവുമായി ബന്ധപ്പെട്ട് നടന്ന സര്‍വകക്ഷി യോഗത്തിലാണ് വിമര്‍ശനം. ആറു മാസം പിന്നിട്ടിട്ടും നിലമ്പൂര്‍ നഗരവികസനം എങ്ങുമെത്താത്തത് നിലമ്പൂര്‍ ടൗണിനെ ആശ്രയിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ കാര്യമായി ബാധിച്ചതായി വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
നിലവില്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയ രണ്ട് കെട്ടിട ഉടമകള്‍ തുടക്കം മുതല്‍ തന്നെ വികസനത്തോട് തല തിരിച്ചു നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അന്ന് ഇവരുടെ എതിര്‍പ്പ് താന്‍ നേരിട്ട് പരിഹരിക്കാമെന്ന് എംഎല്‍എ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നും വിമര്‍ശനമുണ്ടായി.
കെട്ടിട ഉടമകള്‍ സ്റ്റേ വാങ്ങിയിട്ടും ഇത് നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ലെന്നും ചിലര്‍ ആരോപിച്ചു.സ്റ്റേയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്ക് നഗരസഭയുടെ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭയെ പ്രതിനിധീകരിച്ചവര്‍ മറുപടി നല്കി.
നിലവില്‍ വിട്ടുകിട്ടിയ ഭാഗത്തെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ഭൂമി വിട്ടു നല്‍കാത്ത രണ്ട് കെട്ടിട ഉടമകളുമായി തുടര്‍ ചര്‍ച്ച നടത്തി ഭൂമി ലഭ്യമാക്കാന്‍ ശ്രമം തുടരണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷന്, വനം വകുപ്പ്, പോസ്റ്റ് ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ചേര്‍ന്ന ഭൂമി വിട്ടുകിട്ടാന്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും നടപടി ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
നിലമ്പൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സ്കറിയ ക്നാംതോപ്പില്‍, വ്യാപാരി സംഘടന പ്രതിനിധികളായ വിനോദ് പി. മേനോന്, യു. നരേന്ദ്രന്, കെട്ടിട ഉടമകളുടെ പ്രതിനിധി ഷഫീഖ്, നഗരസഭ കൗണ്‍സിലര്‍ റഹ്മത്തുള്ള,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. ഹരിദാസന്, എം.എ. വിറ്റാജ്, എം. മുജീബ് റഹ്മാന്, ജോര്‍ജ് തോമസ്, അബ്ദുട്ടി പൂളക്കല്‍, നിലമ്പൂര്‍ വികസന സമിതി പ്രസിഡന്റ് അഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല.