നിലമ്പൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കണം: വ്യാപാരികള്‍
1435689
Saturday, July 13, 2024 4:54 AM IST
നിലമ്പൂര്‍: കെഎന്‍ജി റോഡില്‍ നിലമ്പൂര്‍ വടപുറം മുതല്‍ കരിമ്പുഴ വരെയുള്ള ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്ക് കച്ചവട മാന്ദ്യത്തിന് ഇടയാക്കുന്നുവെന്നും ഇതിന് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി ഏകോപന നിലമ്പൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
മലയോര മേഖലയായ ഈ പ്രദേശത്തെ ജനങ്ങള്‍ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന പെരിന്തല്‍മണ്ണ, കോഴിക്കോട്, മഞ്ചേരി ഭാഗത്തുള്ള ആശുപത്രികളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ നിലവില്‍ മറ്റു വഴികളില്ല. അനിയന്ത്രിതമായ തിരക്ക് കാരണം സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാതെ നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുന്നതും നിത്യസംഭവങ്ങളാണ്.
നിലമ്പൂര്‍ ടൗണില്‍ നടന്നു വരുന്ന കലുങ്കുകളുടെ നിര്‍മാണം, റോഡുകളുടെ അറ്റകുറ്റപണികള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, മുടങ്ങി കിടക്കുന്ന ബൈപാസ് റോഡിന്റെ പ്രവൃത്തി ത്വരിതഗതിയില്‍ പുനരാരംഭിച്ച് ഗതാഗതത്തിനായി തുറന്നു കൊടുക്കുക, ചന്തക്കുന്ന് മുതല്‍ അകമ്പാടം റോഡ് വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പോലീസിനെയും ഹോംഗാര്‍ഡുകളെയും വിന്യസിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
മണ്ഡലത്തിലെ നിര്‍ധനരായ അഞ്ച് വ്യാപാരികള്‍ക്ക് നിര്‍മിച്ചു നല്കുന്ന സ്നേഹ വീടുകളുടെ നിര്‍മാണത്തിന് മണ്ഡലം കമ്മിറ്റി യൂണിറ്റുകള്‍ക്ക് നല്കുന്ന വിഹിതം യോഗത്തില്‍ വിതരണം ചെയ്തു. വീടുകളുടെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാനും താക്കോല്‍ ദാനം ഒക്ടോബറില്‍ നടത്തുവാനും യോഗത്തില്‍ തീരുമാനമായി. മരുത യൂണിറ്റിലെ അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന വ്യാപാരിക്ക് 50,000 രൂപയുടെ ചികിത്സാ സഹായവും വിതരണം ചെയ്തു.
യോഗം ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സഫറുള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ടി. നാസര്‍, മണ്ഡലം ഖജാന്‍ജി പി. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.