കെഎസ്എസ്പിയു പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി
1435687
Saturday, July 13, 2024 4:54 AM IST
അങ്ങാടിപ്പുറം: പെന്ഷന് വിഷയത്തില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി അങ്ങാടിപ്പുറം പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ശാരീരിക അവശത കാരണം ട്രഷറിയില്‍ പോയി പെന്ഷന് കൈപ്പറ്റാന്‍ കഴിയാത്ത സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പോസ്റ്റോഫീസ് മുഖേന പെന്ഷന് വീട്ടിലെത്തിക്കുന്ന സംവിധാനം വര്‍ഷങ്ങളായി കേരളത്തിലുണ്ട്.
എന്നാല്‍ ഈ മാസം ഇപ്രകാരം വിതരണം ചെയ്യേണ്ട പെന്ഷന് ജൂണ്‍ അവസാന ആഴ്ചയില്‍ തന്നെ പോസ്റ്റല്‍ അധികൃതരുടെ അക്കൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നെങ്കിലും അത് പിന്‍വലിച്ച് ബന്ധപ്പെട്ട പെന്‍ഷന്‍കാരുടെ കൈകളിലെത്തിക്കാന്‍ പോസ്റ്റല്‍ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല.
എല്ലാ മാസവും അഞ്ചിനുള്ളില്‍ ലഭിക്കുമായിരുന്ന പെന്ഷന് പത്തു ദിവസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി. അലി അസ്കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സേതുമാധവന് അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.പി. വര്‍ഗീസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി. അബ്ദുള്‍ഹമീദ്, ആനന്ദം എസ്. നമ്പ്യാർ, എ.കെ. അച്യുതാനന്ദന്, എം. മുകുന്ദൻ, ടി. ഗോപാലകൃഷ്ണന്, ടി. പ്രേമസുന്ദരൻ, കെ. ഹരിദാസ്, എം. യശോധരന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.