‘മങ്കട മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം’
1435685
Saturday, July 13, 2024 4:54 AM IST
മങ്കട: മങ്കട മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗം മഞ്ഞളാംകുഴി അലി എംഎല്‍എയുടെ അധ്യക്ഷതയില്‍ മങ്കട ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോണിറ്ററിംഗ് കമ്മിറ്റിയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പിന് അലംഭാവമുണ്ടെന്നും എംഎല്‍എ പറഞ്ഞു. വളാഞ്ചേരി അങ്ങാടിപ്പുറം റോഡില്‍ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗതിയിലാണെന്നു റോഡ്സ് വിഭാഗം അധികൃതര്‍ അറിയിച്ചു.
തിരൂര്‍ക്കാട് ആനക്കയം റോഡില്‍ മങ്കട ടൗണ്‍ ജംഗ്ഷന് മുതല്‍ കടമണ്ണ വരെയും മങ്കട ടൗണ്‍ ജംഗ്ഷന് മുതല്‍ തിരൂര്‍ക്കാട് വരെയും അങ്ങാടിപ്പുറം, വലമ്പൂര്‍, അരിപ്ര റോഡിലും മങ്കട പട്ടിക്കാട് റോഡിലും കെഡബ്ല്യുഎ, ജെജെഎം പ്രവൃത്തികളില്‍ റസ്റ്റോറേഷന്‍ നടപ്പാക്കാത്തതിനാല്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഉടന്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും ജല അഥോറിറ്റി പ്രോജക്ട് ഡിവിഷനില്‍ അറിയിക്കാനും തീരുമാനമായി. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചുവെന്നു മലപ്പുറം റോഡ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
അങ്ങാടിപ്പുറംചെറുകുളമ്പ് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് ഡ്രെയിനേജ് സൗകര്യം ഒരുക്കുന്നതിനും രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടില്ല. അതിനാല്‍ എസ്റ്റിമേറ്റ് വീണ്ടും ഭരണാനുമതിക്ക് വേണ്ടി സമര്‍പ്പിക്കാന്‍ എംഎല്‍എ റോഡ്സ് വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന്റെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെന്ന് നിരത്തുകള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
തിരൂര്‍ക്കാട് ആനക്കയം, കൊളത്തൂര്‍ മലപ്പുറം റോഡ്, അങ്ങാടിപ്പുറംകോട്ടക്കല് റോഡ്, മക്കരപ്പറമ്പ് മങ്കട എന്നീ റോഡുകളിലെ അറ്റകുറ്റപ്പണികള്‍, മഴക്കാല ശുചീകരണ പ്രവൃത്തികള്‍ എന്നിവ റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തി ചെയ്തുവരികയാണ്.