ലാപ്ടോപ് വിതരണത്തിലെ ക്രമക്കേട് : കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ യൂത്ത് ലീഗ് ഉപരോധിച്ചു
1435683
Saturday, July 13, 2024 4:54 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ എസ്സി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.
ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാരോപിച്ചായിരുന്നു ഉപരോധം. പ്രവര്‍ത്തകരെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ബിരുദ ബിരുദാനന്തര പഠനം നടത്തുന്ന 16 എസ്സി വിദ്യാര്‍ഥികള്‍ക്കും ഒരു ഭിന്നശേഷി വിദ്യാര്‍ഥിക്കുമാണ് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പുകള് വിതരണം ചെയ്തത്. അര്‍ഹരെ ഒഴിവാക്കിയെന്ന ആരോപണവുമായി നേരത്തെ മുസ്ലിം ലീഗ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു.
ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ച പത്ത് ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. എന്നാല്‍ 17 ലാപ്ടോപ്പുകള്‍ക്ക് ഇതിന്റെ പകുതി പോലും വില വരില്ലെന്ന കാരണം ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രസിഡന്റ് വി.എസ്. പൊന്നമ്മയെ ഉപരോധിച്ചത്. അര്‍ഹരായ എസ്സി വിഭാഗം വിദ്യാർഥികളെ തഴഞ്ഞ് സിപിഎം സ്വന്തക്കാര്‍ക്ക് ലാപ്ടോപ്പുകള് നല്‍കിയെന്നും യൂത്ത് ലീഗ് ആരോപിച്ചു.
സാമ്പത്തിക ശേഷിയുള്ള ഒരു വീട്ടിലെ തന്നെ രണ്ടുപേര്‍ക്ക് ലാപ്ടോപ്പ് നല്‍കിയെന്നും നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥിക്ക് അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ പതിനൊന്നാമത് പേരുവന്നിട്ടും നല്‍കിയില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഏറെ നേരത്തെ പ്രതിഷേധം പിന്നീട് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെയാണ് അവസാനിച്ചത്.
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എന്‍. ബാദുഷ, ജനറല്‍ സെക്രട്ടറി ടി. ആദില്‍ ജഹാന്, ഇയാസ് കേരള, എസ്.കെ. അബ്ദുല്‍ ജബ്ബാര്‍, ഫഹദ് പയ്യാക്കോട്, എം.പി.സിറാജ്, അന്‍സാര്‍ ചെറി, ജാബിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.