ആദിവാസി നഗറിലെ വീട് നിർമാണത്തിന് നടപടി തുടങ്ങി
1435386
Friday, July 12, 2024 4:06 AM IST
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ വീട് നിർമാണത്തിന് നടപടി തുടങ്ങി.
ട്രൈബൽ ഓഫീസറും അസിസ്റ്റന്റ് എൻജിനീയറും വീടിന്റെ തറകൾ പരിശോധന നടത്തി. തറ നിർമിച്ച് പത്ത് വർഷത്തോളമായി പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞ ആദിവാസികളായ ഗീതയും സരോജിനിയും വീട് പണി തുടങ്ങാൻ ഫണ്ട് അനുവദിച്ച സന്തോഷത്തിലാണ്.
പതിറ്റാണ്ടുകളുടെ കാത്തിരുപ്പിനും പോരാട്ടത്തിനുമൊടുവിലാണ് 2013-14 കാലഘട്ടത്തിൽ ചിങ്കക്കല്ലിലെ ഗീതക്കും, സരോജിനിക്കും ഉൾപ്പടെ ചിങ്കക്കല്ലിൽ നാല് വീടുകൾ അനുവദിച്ചത്. സ്വന്തം റിസ്ക്കിൽ ഏറെ പണിപ്പെട്ടും ഒന്നര വർഷത്തോളം നീണ്ട പ്രവർത്തിക്കും ഒടുവിലാണ് തറ നിർമാണം പൂർത്തിയായത്.
പിന്നീട് ചുമർ നിർമാണത്തിന് ഫണ്ടിന് ചെന്നപ്പോഴാണ് വനം വകുപ്പ് തടസ്സ റിപ്പോർട്ടു നൽകിയതും വീട് പണി മുടങ്ങിയതും.
പിന്നീട് ഒരു പതിറ്റാണ്ടോളം അനുഭവിച്ച ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കുമാണ് അറുതിയാകുന്നത്. വീടിന് വീണ്ടും ഫണ്ട് അനുവദിച്ചതായ വിവരം കഴിഞ്ഞ ദിവസമാണ് ഐടിഡിപിയിൽ നിന്ന് ഈ കുടുംബങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്.
ഫണ്ട് അനുവദിച്ചതിനെ തുടർന്ന് ട്രൈബൽ ഓഫീസർ ടി. മധുവും, ഐടിഡിപി അസിസ്റ്റന്റ് എൻജിനീയർ അരുൺ ബാബുവും ഗീതയുടെയും സരോജിനിയുടെയും പഴയ തറയും സ്ഥലവും പരിശോധിച്ചു.ഈമാസം തന്നെ വീടു പണി തുടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് അവർ പറഞ്ഞു.