അപകട ഭീഷണിയായി മൂസക്കുട്ടി സ്റ്റാൻഡിലേക്കുള്ള കൈവരിയില്ലാത്ത റോഡുകൾ
1430615
Friday, June 21, 2024 5:53 AM IST
പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ്സ്റ്റാൻഡിലേക്കുള്ള രണ്ടു റോഡുകളുടെ വശങ്ങളിൽ കൈവരിയില്ലാത്തത് അപകട സാധ്യതയേറുന്നു. റോഡിന്റെ ഇരു വശങ്ങളിലും പത്തടിയിലേറെ താഴ്ചയുണ്ട്. മിക്കയിടവും ചെളിനിറഞ്ഞ സ്ഥലവുമാണ്.കോഴിക്കോട് റോഡിൽ നിന്നെത്തുന്ന ടൗൺ സ്ക്വയറിന് സമീപത്തു കൂടിയുള്ള റോഡിലാണ് കൂടുതലും അപകട സാധ്യതയുള്ളത്.
ഇതുപോലെയാണ് പട്ടാമ്പി റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ അവസ്ഥയും. ടൗണിൽ നിന്ന് സ്റ്റാൻഡിലേക്കും തിരിച്ചും പോകുന്നതിന് വിദ്യാർഥികളടക്കം നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡുകളാണിവ.
കോഴിക്കോട് റോഡിൽ നിന്നുള്ള വഴിയിലൂടെ ഓട്ടോകളടക്കമുള്ള ചെറു വാഹനങ്ങൾ പോകുമ്പോൾ മറു റോഡിലൂടെ ബസുകളുൾപ്പെടെയുള്ള വാഹനങ്ങളാണ് പോകുന്നത്. വാഹനങ്ങൾ വരുമ്പോൾ അരികിലേക്കു മാറി നിൽക്കാൻ ശ്രമിച്ചാൽ താഴേക്ക് വീഴാനുള്ള സാധ്യതയേറെയാണ്.
സ്കൂളുകൾകൂടി തുറന്നതോടെ ഇതുവഴി നടന്നു പോകുന്നവർ കൂടിയിട്ടുണ്ട്. കനത്ത മഴ പെയ്യുമ്പോൾ റോഡിന്റെ വശങ്ങളിലെ താഴ്ച കൃത്യമായി അറിയാനാകാത്ത സ്ഥിതിയുമുണ്ട്.
ഇരുട്ട് വീഴുന്നതോടെ ഈ റോഡുകളിലെ വെളിച്ചമില്ലായ്മയും പ്രയാസമാകുന്നുണ്ട്.
ബസ് സ്റ്റാൻഡിന്റെ വശങ്ങളിലും സുരക്ഷാ വേലിയില്ല. ബസുകൾ നിർത്തിയിടുന്നതിന്റെ പിൻഭാഗത്തേക്ക് വലിയ താഴ്ചയാണ്. ഇതും അപകട ഭീഷണിയുയർത്തുന്നതാണ്. താഴേക്കു വീണാൽ തിരികെ കയറാനാകില്ല. .