യോഗ പരിശീലനത്തിൽ മൂന്നര പതിറ്റാണ്ടുകാലം സജീവം : ഷംസുദ്ദീന് യോഗ തന്നെ ജീവിതം
1430613
Friday, June 21, 2024 5:53 AM IST
പെരിന്തൽമണ്ണ: ഭക്ഷണത്തെ അറിഞ്ഞുകൊണ്ട് ജീവിതശൈലി രോഗങ്ങളെ പടികടത്താൻ ലോകാടിസ്ഥാനത്തിൽ പരീക്ഷിക്കപ്പെട്ട യോഗക്ക് ജനകീയ മുഖം നൽകി മൂന്നര പതിറ്റാണ്ട് പൂർത്തീകരിക്കുകയാണ് ഷംസുദ്ദീൻ.
സാധാരണക്കാരനായ ഒരു ഓട്ടോ തൊഴിലാളിയിൽ നിന്നാണ് യോഗാഭ്യാസ പാഠങ്ങൾ പഠിച്ച് സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ തന്റേതായ ഇടം ഇദ്ദേഹം നേടിയത്. പാലിയേറ്റീവ് കെയർ, സ്കൂൾ, കോളജ് ,പോലീസ് ക്യാമ്പുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിത്യ പരിശീലകനായി ഷംസു എത്തിച്ചേരുന്നുണ്ട്.
യോഗയുടെ ഗുണഫലങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്ന സൗജന്യ പാഠശാലയിലൂടെ നിരവധി പേർക്കാണ് ഇദ്ദേഹം ആശ്വാസം പകരുന്നത്. ഷംസുവിന് ഏഴു വയസുള്ളപ്പോഴാണ് ക്ഷയരോഗം ബാധിച്ച് പിതാവ് മുഹമ്മദ് മരണപ്പെടുന്നത്. സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല.
ഉമ്മയും ഇളയ രണ്ടുസഹോദരന്മാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി കൊച്ചു ബാലന്റെ ചുമലിലായി. വൈകാതെ ക്ഷയരോഗ ലക്ഷണങ്ങൾ ഷംസുദ്ദീനിലും കണ്ടുതുടങ്ങി.
പിന്നാലെ ആസ്മ, വിട്ടു മാറാത്ത ചുമ, തലവേദന, സ്ഥിരമായി നെഞ്ചുവേദന ഉൾപ്പെടെ രോഗങ്ങളാൽ അദ്ദേഹം വലഞ്ഞു.
പത്താം ക്ലാസിനു ശേഷം പഠനവും നിർത്തി. പല കച്ചവട സ്ഥാപനങ്ങളിലും ജോലിക്ക് കയറിയെങ്കിലും രോഗം കാരണം തുടരാനായില്ല. തുടർന്ന് പതിനാറാം വയസിൽ ഗോവിന്ദാചാര്യനിൽ നിന്ന് യോഗ പരിശീലിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
എല്ലാരോഗവും പൂർണമായി മാറിയതോടെ ഷംസുദ്ദീനും യോഗയും തമ്മിൽ ആത്മബന്ധമായി. യോഗാധ്യാപകനായി, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പ്രകൃതി ചികിത്സയിലും യോഗാ തൊറാപ്പിയിലും ബിരുദം നേടി , മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ തെറാപ്പിസ്റ്ററ്റായി ജോലി ചെയ്തു.
വിവിധസ്ഥാപനങ്ങളിൽ ഇപ്പോഴും യോഗ പരിശീലകനായി ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം ലഹരിക്ക് അടിമപ്പെട്ട് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് ആശ്രയമായ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിന്റെ സ്ഥാപനമായ ന്യൂ ഹോപ്പ് ഡി അഡിക്ഷൻ സെന്ററിൽ യോഗ ട്രെയിനറായി സേവനം അനുഷ്ഠിക്കുന്നു..