നിലമ്പൂര്‍ റെയില്‍വേ അടിപ്പാത: പി.വി. അന്‍വര്‍ എംഎല്‍എ യോഗം വിളിച്ചു
1430217
Wednesday, June 19, 2024 7:20 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ റെയില്‍വേ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നിലമ്പൂര്‍ ടിബിയില്‍ അവലോകന യോഗം ചേര്‍ന്നു. തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന മുക്കട്ട റെയില്‍വേ ഭാഗവും സന്ദര്‍ശിച്ചു. ഇവിടത്തെ ഗതാഗത പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു.
റെയില്‍വേ ഗേറ്റിനു സമീപത്തുകൂടിയുള്ള റോഡ് ഗതാഗതത്തിന് ഉപയോഗിക്കാന്‍ റെയില്‍വേയില്‍ നിന്ന് അനുമതി തേടാനും തീരുമാനമായി. നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
അമരമ്പലം കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് ലൈന്‍മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ പ്രവൃത്തികള്‍ തുടരാനാവൂ. ഇതിനായി ജല അഥോറിറ്റിക്ക് അടിപ്പാത ചുമതലയുള്ള റെയില്‍വേ ഡവലപ്മെന്റ് കോര്പറേഷന് തുകയും അടച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തികള്‍ക്കായി ടെന്‍ഡര്‍ നടത്തിയെങ്കിലും ഏറ്റെടുക്കാന്‍ ആളില്ലാത്ത സാഹചര്യമാണുണ്ടായത്. ഈ പ്രവൃത്തിയും അടിപ്പാത നിര്‍മാണം ഏറ്റെടുത്ത കമ്പനി നടത്തുവാനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്. പൈപ്പുകള്‍ ഉള്‍പ്പെടെ ജല അതോറിറ്റി എത്തിച്ചു നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം പൂക്കോട്ടുംപാടം ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗത പ്രശ്നവും പരിഹരിക്കുന്നതിനായാണ് ശ്രമം നടത്തും. ഇതിനായി പൈപ്പ് ലൈന്‍ നിലവിലുള്ള സ്ഥലത്തുതന്നെ താഴ്ത്തി സ്ഥാപിച്ച് റെയില്‍വേയുടെ ഭൂമിയിലെ റോഡിലേക്ക് പ്രവേശനം സാധ്യമാക്കുന്ന രീതിയില്‍ താത്കാലിക സംവിധാനമൊരുക്കുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ ഇത് പ്രാവര്‍ത്തികമാകും.അടിപ്പാതയുടെ മുഴുവന്‍ പ്രവൃത്തികളും തീരാന്‍ കുറഞ്ഞത് 10 മാസമെടുക്കുമെന്നതിനാലാണ് താത്കാലിക സംവിധാനമൊരുക്കുന്നത്. എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, കെആര്‍ഡിസിഎല്‍ ഡിജിഎം. എസ്. ഹരിദാസന്, സെക്ഷന്‍ എന്‍ജിനീയര്‍ മിഥുന് ജോസഫ്, ജല അഥോറിറ്റി ഇഇ ടി.എന്‍. ജയകൃഷ്ണന്, എഇ സമീര്‍, ഓവര്‍സീയര്‍മാര്‍, കരാറുകാരന് തുടങ്ങിയവര്‍ പങ്കെടുത്തു.