മൂലേപ്പാടം-പാലക്കയം റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു
1429944
Monday, June 17, 2024 5:44 AM IST
നിലമ്പൂർ: മൂലേപ്പാടം-പാലക്കയം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. എംഎൽഎ പി.കെ. ബഷീറാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മൂലേപ്പാടം-പാലക്കയം റോഡിൽ അരയാട് എസ്റ്റേറ്റ് ഭാഗത്ത് നിന്ന് പാലക്കയം പ്ലാന്റേഷൻ വരെയുള്ള 736 മീറ്റർ ഭാഗത്ത് പുതിയതായി നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് നടന്നത്.
2023-2024 സാമ്പത്തിക വർഷത്തിലെ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് പി.കെ. ബഷീർ എംഎൽഎഅനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. മൂലേപ്പാടത്തു നിന്ന് പാലക്കയം ഗോത്ര ഊരുവരെയുള്ള റോഡ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വളരെ വേഗത്തിൽ പൂർത്തികരിക്കുമെന്ന് എംഎൽഎ പറഞ്ഞു. മുൻപ് നബാർഡ് ഫണ്ടിൽ2.80 കോടി അനുവദിച്ചിരുന്നു.
പ്രവൃത്തി നഷ്ടമാണെന്ന് കാണിച്ച് കരാറുകാരൻ പിൻമാറി. ആവശ്യമായ ഫണ്ട് കൂടി അനുവദിച്ച് റോഡ് നിർമാണം പൂർത്തികരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല. ഈ വിഷയം നിയമസഭയിൽ താൻ ഉന്നയിച്ചെങ്കിലും സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും എംഎൽഎ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിലൂടെയും രാഹുൽ ഗാന്ധി എംപി, എം.പി. അബ്ദുൾ സമദ് സമദാനി എംപി എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ചും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ചും റോഡ് നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗോത്ര ഊരിലെ കുടുംബങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണുമെന്നും എംഎൽഎ പറഞ്ഞു.
പാലക്കയം കോളനിയിലേക്ക് റോഡ് എത്തിയ ശേഷം പന്തീരായിരം ഉൾവനത്തിലെ വെറ്റിലക്കൊല്ലിയിലേക്ക് റോഡ് നിർമിക്കാനുള്ള നടപടികളും ആരംഭിക്കും. നിലവിൽ മൂലേപ്പാടം മുതൽ പാലക്കയം വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. മൂലേപ്പാടം മുതൽ അരയാട് എസ്റ്റേറ്റ് വരെയുള്ള ഭാഗത്ത് സോളിംഗ് പ്രവൃത്തി മാത്രമാണ് നടന്നിട്ടുള്ളത്.
അരയാട് എസ്റ്റേറ്റ് ഭാഗത്താണ് കോൺക്രീറ്റ് റോഡുള്ളത്.ചടങ്ങിൽ വാർഡ് അംഗം ബീനാ ജോസഫ് അധ്യക്ഷത വഹിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ തോണിയിൽ സുരേഷ്, മുൻ വാർഡ് അംഗവും കോളനി മൂപ്പനുമായ പാലക്കയം കൃഷ്ണൻകുട്ടി, ഡിസിസി അംഗം അഡ്വ. ഐ.കെ. യൂനസ് സലീം, മുസ്ലിം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി തോണിക്കടവൻ ഷൗക്കത്ത്, ചാലിയാർ സർവീസ് ബാങ്ക് പ്രസിഡന്റ് ബെന്നി കൈതോലിൽ, ഹാരിസ് ആട്ടിരി, ചെറുശോല ഹസൻ, വിശ്വനാഥൻ തോട്ടുപൊയിൽ, കല്യാണി, ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.