രാമംകുത്ത് റെയില്‍വേ അടിപ്പാത; അറ്റകുറ്റപ്പണി തുടങ്ങി
1429655
Sunday, June 16, 2024 6:05 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ രാമംകുത്ത് റെയില്‍വേ അടിപ്പാതയുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. നിലമ്പൂര്‍ നഗരസഭയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് പ്രവൃത്തി ഇന്നലെ മുതല്‍ തുടങ്ങിയത്. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി. മഴ പെയ്ത് രാമംകുത്ത് റെയില്‍വേ അടിപ്പാത ചെളിക്കുളമാവുകയും ഗതാഗതം ബുദ്ധിമുട്ടാവുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച്ച രാത്രി തന്നെ പണി തുടങ്ങി. ഈ റോഡിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ റോഡിന്റെ കയറ്റം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുറച്ചശേഷം പാറപ്പൊടിയിട്ട് റോഡിലെ അപകട സാധ്യത ഒഴിവാക്കുന്നതാണ് അറ്റകുറ്റപ്പണി. നിലമ്പൂര്‍ റെയില്‍വേ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് ഇട്ടിരിയ്ക്കുന്നതിനാല് പൂക്കോട്ടുംപാടം, ചോക്കാട്, കാളികാവ് ഭാഗത്തേക്ക് ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ ബദല്‍ മാര്‍ഗമായി ഈ റോഡാണ് ഉപയോഗിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഡിവിഷന് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ അറ്റകുറ്റ പണിക്കായി വേഗത്തില്‍ നടപടി സ്വീകരിക്കുകയും ആവശ്യമായ ഫണ്ട് നീക്കിവച്ചതും.
രാമംകുത്ത് റെയില്‍വേ അടിപ്പാത നിര്‍മാണത്തില്‍ റെയില്‍വേ കാണിക്കുന്ന അനാസ്ഥയാണ് നാട്ടുകാരുടെ യാത്ര ദുരിതം പരിഹാരമില്ലാതെ തുടരാന്‍ കാരണം. ഈ അടിപ്പാത നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ നിലമ്പൂര്‍ നഗരസഭയിലേയും അമരമ്പലം പഞ്ചായത്തിലേയും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും.