ഇടനാഴികളില്‍ ഇടംനേടി മരുന്നുകള്‍: മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്റ്റോര്‍ കോംപ്ലക്സ് വൈകുന്നു
1429652
Sunday, June 16, 2024 6:05 AM IST
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ സ്റ്റോര്‍ കോംപ്ലക്സ് നിര്‍മിക്കാനുള്ള നടപടി വൈകുന്നു. മരുന്നുകള്‍, കെമിക്കലുകള്‍, ഓപ്പറേഷന് തിയേറ്റര്‍ സാമഗ്രികള്‍, ഡയാലിസിസ് അനുബന്ധ ഉപകരണങ്ങള്‍, ശുചീകരണത്തിനാവശ്യമായ സാധന സാമഗ്രികള്‍, ആശുപത്രിയിലെ ഇതര ഉപകരണങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതിനായാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിന് ഒരു സ്റ്റോര്‍ കോംപ്ലക്സ് വേണമെന്ന ആവശ്യം ഉയര്‍ന്നത്.
നിലവില്‍ ആശുപത്രിയില്‍ മരുന്ന് സൂക്ഷിക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നുകള്‍ ഒപി ബ്ലോക്കില്‍ മോര്‍ച്ചറിയിലേക്കുള്ള വഴിയിലും പഴയ ബ്ലോക്കില്‍ സെമിനാര്‍ ഹാളിലേക്കും ക്ലിനിക്കല്‍ ലക്ചര്‍ ഹാളിലേക്കുമുള്ള വഴിയിലും കൂട്ടിയിട്ടിരിക്കുകയാണ്.
നാല് വര്‍ഷം മുമ്പ് സ്റ്റോര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിനായി രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നാല് മാസം മുമ്പ് ടെന്‍ഡര്‍ നടപടികള്‍ക്ക് മുമ്പായുള്ള കാര്യങ്ങളും പൂര്‍ത്തിയാക്കി. കോംപ്ലക്സിനായി കണ്ടെത്തിയ സ്ഥലത്തെ മരങ്ങള്‍ നീക്കം ചെയ്യാത്തതാണ് ഇപ്പോഴത്തെ തടസം.
മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് പ്രവേശിക്കാമെന്ന് മരാമത്ത് വകുപ്പ് മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചെങ്കിലും മരം മുറി നടന്നില്ല. നിലവില്‍ അനുവദിച്ച രണ്ടര കോടി രൂപ ഉപയോഗിച്ച് കോംപ്ലക്സിന്റെ താഴത്തെ നിലയുടെ പകുതി ഭാഗം മാത്രമേ നിര്‍മിക്കാനാകൂ. ഫണ്ടിന്റെ അപര്യാപ്തത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അടുത്ത മാസം 17ന് ലേലം നടക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. സ്റ്റോര്‍ കോംപ്ലക്സ് നിര്‍മിക്കണമെന്ന് നേരത്തെ ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍എംസി) നിര്‍ദേശിച്ചിരുന്നു.