ഹൃദ്രോഗ നിർണയത്തിനുള്ള അൾട്രാസൗണ്ട് സാങ്കേതിക വിദ്യയ്ക്ക് ഡോ. നബീൽ പിലാപ്പറമ്പിലിന് പേറ്റന്റ്
1429450
Saturday, June 15, 2024 5:42 AM IST
മക്കരപറമ്പ്: ഹൃദയ സംബന്ധമായ രോഗനിർണയത്തിനുള്ള സുപ്രധാന അൾട്രാസൗണ്ട് സങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിന് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ഡോ. നബീൽ പിലാപ്പറമ്പിലിന്റെ ഗവേഷണ സംഘം പേറ്റന്റ് നേടി.
ഹൃദയ-രക്തധമനികളിലെ സൂക്ഷ്മ ചലനങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന അൾട്രാസൗണ്ട് റെക്കോർഡിംഗുകളുടെ ഗുണനിലവാരവും കൃത്യതയും ഈ നൂതന കണ്ടുപിടിത്തം വർധിപ്പിക്കും. അൾട്രാസൗണ്ട് വഴി ഹൃദയ-രക്തധമനികൾ വിശകലനം ചെയ്യുന്ന പരമ്പരാഗത രീതികൾ പലപ്പോഴും ഗുണനിലവാരം കുറഞ്ഞ അൾട്രാസൗണ്ട് സിഗ്നലുകളുടെയും വിദഗ്ധ സോണോഗ്രാഫി ഡോക്ടറുടെ അഭാവം കാരണം രോഗനിർണയത്തിൽ വെല്ലുവിളി നേരിടാറുണ്ട്.
ഡോ. നബീലിന്റെ കണ്ടുപിടിത്തം ഇതിനുള്ള പരിഹാരമാണ്. നിലവിൽ മദ്രാസിലെ ഐഐടിയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. നബീലിന് ഹൃദയ സംബന്ധമായ നൂതന സാങ്കേതിക വിദ്യകളിൽ ഇന്ത്യക്കുപുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ മുൻകാലങ്ങളിൽ പത്തിലധികം പേറ്റന്റുകൾ ലഭിച്ചിട്ടുണ്ട്.
ഈ മാസം നെതർലാൻഡിലെ എയ്ദോവനിലും ജൂലൈയിൽ അമേരിക്കയിലെ ഫ്ലോറിഡയിലും വച്ചുനടക്കുന്ന അന്തർദേശീയ സെമിനാറുകളിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഡോ. നബീലിനെ ക്ഷണിച്ചിട്ടുണ്ട്. വടക്കാങ്ങര തങ്ങൾസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂടിയായ ഡോ.നബീൽ പരേതനായ വടക്കാങ്ങര പിലാപ്പറമ്പിൽ മസ്ഹൂദ് മാസ്റ്ററുടെ മകനാണ്. ചെന്നൈ ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ഡോ. തസ്നീമയാണ് ഭാര്യ.