കാളികാവ് ജംഗ്ഷനിൽ റോഡിന്റെ വീതി വീണ്ടും കുറച്ചു: ഓട്ടോ തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക്
1429248
Friday, June 14, 2024 5:51 AM IST
കാളികാവ്: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാളികാവ് ജംഗ്ഷനിൽ റോഡ് വീതി കുറച്ച് നിർമിക്കുന്നതിനെതിരേ ഓട്ടോ-ടാക്സി തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക്. നിലവിൽ റോഡ് അടക്കം പതിനഞ്ച് മീറ്ററിലധികം വീതിയുള്ള ഭാഗംപോലും ഡ്രൈനേജ് ഉൾപ്പെടെ 12 മീറ്ററായി ചുരുക്കിയാണ് നിർമാണം നടത്തുന്നത്.
ഇതുമൂലം ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ഒരു വശത്ത് ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതോടെ നിലവിലുള്ള സൗകര്യം പോലും റോഡിനില്ലാതാകും. ഹൈവേ നിർമാണത്തിന്റെ ഭാഗമായി തൊട്ടടുത്ത അങ്ങാടികളായ കരുവാരകുണ്ട് ,പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽ പരമാവധി വീതികൂട്ടി പതിനഞ്ചു മീറ്ററിലധികം വീതിയോടെയാണ് റോഡ് നിർമിക്കുന്നത്.
എന്നാൽ കാളികാവ് ജംഗ്ഷനിൽ 12 മീറ്ററിൽ ഒതുക്കിയാണ് ഡ്രൈനേജും റോഡും നിർമിക്കുന്നത്. നിലവിലുള്ള അലൈൻമെന്റ് അനുസരിച്ച് നിർമാണം പൂർത്തിയാക്കിയാൽ അങ്ങാടിയിൽ വാഹനക്കുരുക്കിന് കാരണമാകുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.