കടുത്ത അവഗണനയില്‍ ജില്ലയിലെ ആരോഗ്യ മേഖല: സത്വര നടപടികള്‍ അനിവാര്യം
1429242
Friday, June 14, 2024 5:51 AM IST
ബഷീര്‍ കല്ലായി
മഞ്ചേരി: ജില്ലയിലെ ആരോഗ്യ മേഖല കടുത്ത അവഗണന നേരിടുന്നു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാൻഡേര്‍ഡ് നിർദേശമനുസരിച്ച് ആശുപത്രികളില്‍ കിടക്കകള്‍ അനുവദിക്കുന്നത് ജില്ലയുടെ വലിപ്പം, ഭൂപ്രകൃതി, ജനസംഖ്യ എന്നീ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കണം. കിടക്കകള്ക്കനുസരിച്ചായിരിക്കണം ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കേണ്ടത്.
എങ്കില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശുപത്രി കിടക്കകള്‍ അനുവദിക്കേണ്ടതും മേഖലയില്‍ നിയമനം നടത്തേണ്ടതും മലപ്പുറം ജില്ലയിലാണ്. 866 പേര്‍ക്ക് ഒരു കിടക്ക എന്നതാണ് സംസ്ഥാനത്തെ ശരാശരി കണക്ക്. എന്നാല്‍ മലപ്പുറം ജില്ലയില്‍ 2011 പേര്‍ക്ക് ഒരു കിടക്കയെന്ന കണക്കിലാണുള്ളത്.
2018ല്‍ ആവിഷ്ക്കരിച്ച ആര്‍ദ്രം പദ്ധതിയനുസരിച്ച് ഓരോ താലൂക്ക് ആശുപത്രികളിലും ചുരുങ്ങിയത് നൂറു കിടക്കകള്‍ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ കൊണ്ടോട്ടിയില്‍-29, അരീക്കോട്-35, വണ്ടൂര്‍- 42, കുറ്റിപ്പുറം-22 എന്നിങ്ങനെയാണ് താലൂക്ക് ആശുപത്രികളിലെ കിടക്കകള്‍. സര്‍ക്കാര്‍ ആശുപത്രി കിടക്കകളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് മലപ്പുറം ജില്ല.
അതായത് പിഎച്ച്സി, സിഎച്ച്സി, താലൂക്ക്, ജില്ലാ-ജനറല്‍ തുടങ്ങി ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികളില്‍ തിരുവനന്തപുരത്ത് 4718 ഉം എറണാകുളത്ത് 4518 ഉം കിടക്കകളുള്ളപ്പോള്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മലപ്പുറം ജില്ലയില്‍ ഇത് കേവലം 2103 മാത്രമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആശുപത്രികളുടെ സ്ഥിതിയും വിഭിന്നമല്ല. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ കിടക്കകളുടെ കണക്ക് പരിശോധിച്ചാല്‍ മലപ്പുറം ജില്ല നില്‍ക്കുന്നത് ഒമ്പതാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് 3639 കിടക്കകളുള്ളപ്പോള്‍ ജില്ലയില്‍ ഇത് വെറും 516 ആണ്.
തൊട്ടടുത്ത ജില്ലയായ കോഴിക്കോടു പോലും 2960 കിടക്കകളുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് ഏറ്റവും കുറവുള്ള (85.85 ശതമാനം) ജില്ല, ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വീട്ടില്‍ പ്രസവിക്കുന്ന ജില്ല, ഏറ്റവും കൂടുതല്‍ മാതൃമരണ നിരക്കുള്ള ജില്ല.
സംസ്ഥാന ശരാശരി 33 ആണെന്നിരിക്കെ ജില്ലയുടെ മാതൃമരണ നിരക്ക് ശരാശരി 44 ആണ്. ബെഡ് പോപ്പുലേഷന്‍ അനുപാതം ജില്ലയില്‍ ഏറെ ഭയാനകമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് ഇത് 879 ആണ്. എന്നാല്‍ ജില്ലയിലെ ആനുപാതിക കണക്ക് 1643 ആണ്. 501 കിടക്കകളുള്ള ജനറല്‍ ആശുപത്രിയും 300 കിടക്കകളുള്ള വനിതാ-ശിശു ആശുപത്രിയും നഷ്ടപ്പെടുത്തിയാണ് മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചിട്ടുള്ളത്.
മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയുണ്ടോ ? മന്ത്രിക്കു പോലുമറിയില്ല
മഞ്ചേരി: മഞ്ചേരിയില്‍ ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടോ? കുറച്ചു കാലമായി മഞ്ചേരിക്കാരുടെ സംശയമാണ്. ഈ സംശയം ആരോഗ്യ മന്ത്രിക്കുമുണ്ടെന്നു തോന്നുന്നു. കാരണം ഇതേ മന്ത്രി തന്നെയാണ് മാസങ്ങള്‍ക്കു മുമ്പ് അഡ്വ. യു.എ. ലത്തീഫ് എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി മഞ്ചേരിയില്‍ ജനറല്‍ ആശുപത്രി ഇല്ലെന്നും ഉണ്ടായിരുന്ന ജനറല്‍ ആശുപത്രിയാണ് മെഡിക്കല്‍ കോളജ് ആക്കിയതെന്നും പറഞ്ഞിരുന്നു.
2013ലാണ് മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിതമാകുന്നത്. മഞ്ചേരിയില്‍ ജനറല്‍ ആശുപത്രി പുനഃസ്ഥാപിക്കാന്‍ നിര്‍വാഹമില്ലെന്നും മന്ത്രി അന്ന് സംശയലേശമന്യെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ നജീബ് കാന്തപുരം എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് നല്കിയ മറുപടി അനുസരിച്ച് മഞ്ചേരിയില്‍ ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടുവെന്ന് വേണം കരുതാന്‍.
മഞ്ചേരി ജനറല്‍ ആശുപത്രിക്ക് മദര്‍ ആന്റ് ബേബി ഫ്രണ്ട്ലി ഇനിഷ്യേറ്റീവ് അംഗീകാരം കഴിഞ്ഞ വര്‍ഷം കിട്ടിയ കാര്യവും കാര്‍ഡിയോളജി സേവനത്തിനായി മഞ്ചേരി ജനറല്‍ ആശുപത്രിയ്ക്ക് കാത്ത് ലാബ് അനുവദിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. ആന്‍ജിയോപ്ലാസ്റ്റിയടക്കം അവിടെ 5660 പ്രൊസീജറുകള്‍ നടന്നുവെന്നും മന്ത്രി എടുത്തു പറയുന്നു.
മാത്രമല്ല സര്‍ക്കാര്‍ രേഖകളിലും ഇത്തരമൊരു ആശുപത്രി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു. ഡിഎച്ച്എസ് വെബ്സൈറ്റില്‍ 2023ല്‍ പുതുക്കി തയാറാക്കിയ ആരോഗ്യ സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ മലപ്പുറം ജില്ലയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഗവ. ജനറല്‍ ആശുപത്രി മഞ്ചേരി ഉള്‍പ്പെട്ടിട്ടുണ്ട്.