15 കാരന് പീഡനം: പ്രതിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും
1429042
Thursday, June 13, 2024 6:01 AM IST
മഞ്ചേരി : പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി 34 വര്‍ഷം കഠിന തടവിനും 2.85 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
വേങ്ങര പത്തമൂച്ചി ചേലുപാടത്ത് അബ്ദുല്‍ ഖാദര്‍ (49)നെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2022 ഓഗസ്റ്റ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. രാവിലെ ഒമ്പതരമണിക്ക് വേങ്ങര കച്ചേരിപ്പടിയില്‍ സ്കൂള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു കുട്ടിയെ പിതാവിന്റെ സുഹൃത്തായ പ്രതി ബൈക്കില്‍ കയറ്റി പുതുപ്പറമ്പ് പള്ളിയുടെ മൂത്രപ്പുരയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.
വിവരം പുറത്തു പറഞ്ഞാല്‍ നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുട്ടി വിവരം മാതാവിനോട് പറഞ്ഞു.
മാതാവ് വിദേശത്തുള്ള പിതാവിനെയും സഹോദരനെയും അറിയിക്കുകയായിരുന്നു. ഇവരാണ് വിദേശത്തു നിന്നും ഫോണ്‍ മുഖേന ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ വേങ്ങര എസ് ഐയായിരുന്ന ടി.കെ ഉണ്ണികൃഷ്ണന് കേസ് രജിസ്റ്റര്‍ ചെയ്തു.
വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം. ഹനീഫയാണ് 2022 ഒക്ടോബര്‍ അഞ്ചിന് പ്രതിയെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
ഇന്ത്യന്‍ ശിക്ഷാ നിയമം 367 വകുപ്പ് പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഏഴ് വര്‍ഷം കഠിന തടവ് അരലക്ഷം രൂപ പിഴ, 506 വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പോക്സോ ആക്ടിലെ 9(പി) സെക്ഷന്‍ പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.
പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ പോക്സോ ആക്ടിലെ സെക്ഷന്‍ 3 (സി) പ്രകാരം 20 വര്‍ഷം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.